മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത ഭൂമിയില്‍ നിന്നുള്ള കാഴ്ച്ചകള്‍
ഇവിടെ കുറേ മനുഷ്യരുണ്ടായിരുന്നു; ജീവിതങ്ങളും
രണ്ടു ദിവസം മുന്‍പുവരെ ഇതൊരു സുന്ദര ഗ്രാമമായിരുന്നു. മഞ്ഞിനെ താലോലിക്കുന്ന മലനിരകളും കുളിര്‍ക്കാറ്റും കാട്ടാറുകളുമുള്ള മനോഹര ഗ്രാമം. മലനിരകള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്, പക്ഷേ ഗ്രാമത്തിലെ കുറേ മനുഷ്യരും അവരുടെ സര്‍വ്വ സമ്പാദ്യവും എല്ലാം മണ്ണിനടിയിലേക്ക് ആണ്ടുപോയിരിക്കുന്നു.
മണ്ണിനടിയില്‍ പുതഞ്ഞു കിടക്കുന്നത് ഒരു മനുഷ്യനാണ്. ഇന്നലെ വരെ ഇതിലെ നടന്നിരുന്ന ഒരാള്‍. പുലര്‍ച്ചെ ഇരച്ചെത്തിയ ദുരന്തത്തില്‍ മണ്ണിനോട് ചേര്‍ന്നു പോയ ഒരാള്‍.
അദ്ദേഹം മാത്രമല്ല, കുടിലും ഉറ്റ ബന്ധുക്കളും ജീവിതത്തിലിന്നേവരെ നേടിയ എല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതെയായി. ഉറ്റവര്‍ മണ്ണിനടിയില്‍ എവിടെയോ ആണ്. ഒരു നിലവിളികള്‍ക്കും ചെന്നെത്താനാവാത്ത ആഴത്തില്‍
ഇവിടെ ഒരു കാന്റിനുണ്ടായിരുന്നു. ആവി പറക്കുന്ന ഭക്ഷണങ്ങള്‍ വിളമ്പിയിരുന്ന ഇടം. കുറച്ച് തകര ഷീറ്റുകളും ഗ്യാസ് സിലിണ്ടറുകളും. അതു മാത്രമാണ് ഇവിടെ ബാക്കിയായത്.
ഇന്നലെ വരെ കുതിച്ചോടിയിരുന്ന വാഹനം എല്ലാ വഴിയുമടഞ്ഞ് തകര്‍ന്ന് വീണിരിക്കുന്നു. ഇനിയുള്ള പാതകള്‍ ദുര്‍ഘടം തന്നെയാകുമോ?
യന്ത്രക്കൈകള്‍ തിരയുന്നത് അവശേഷിപ്പുകള്‍ മാത്രമല്ല, ജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ ഉയര്‍ന്നു വന്നേക്കാവുന്ന കൈകളെയുമാണ്. പ്രതിക്ഷയോടെ തന്നെയണ് ഓരോ അവശിഷ്ടങ്ങളും പതുക്കെ ഇളക്കി നോക്കുന്നത്.
പൊലിഞ്ഞുപോയ 26 ജീവിതങ്ങള്‍ ഇതുപോലെ പെട്ടിയില്‍ മൂടപ്പെട്ട് ഇതുവഴി പോയി. ഒന്നിച്ചു ജീവിച്ച് ഒന്നിച്ചു മരിച്ചവവര്‍ ഇനി ഒന്നിച്ച് അന്ത്യ നിദ്രയിലേക്ക്