ലോക്ഡൗണിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കു നേരെ അതിക്രമം; കുറ്റക്കാരെ ചുമതലകളില്‍ നിന്നും നീക്കിയതായി ശ്രീലങ്ക
കൊളംബോ: ലോക്ഡൗണിന്റെ പേരില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് അതിക്രമം നടത്തിയ സൈനികരെ ഉടന്‍ തന്നെ ചുമതലകളില്‍ നിന്നും നീക്കിയതായി ശ്രീലങ്ക. കിഴക്കന്‍ ബത്തിക്കലോവ ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പട്ടണമായ എറാവൂരിലാണ് ശ്രീലങ്കന്‍ സൈനികര്‍ അതിക്രമം നടത്തിയത്. തോക്കു ചൂണ്ടിയ സൈനികരുടെ മുന്നില്‍ കൈ ഉയര്‍ത്തി മുട്ടില്‍ നില്‍ക്കുന്ന മുസ്‌ലിംകളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇതോടെയാണ് സൈനിക മേധാവികള്‍ നടപടിയെടുത്തത്. ആദ്യഘട്ടമെന്ന നിലയില്‍ കുറ്റക്കാരായ സൈനികരെ ഔദ്യോഗിക ചുമതലകളില്‍ നിന്നും നീക്കം ചെയ്തു. തടരന്വേഷണം നടക്കുന്നതായും കര്‍ശന നടപടിയെടുക്കുമെന്നും സൈന്യം പ്രസ്താവനയില്‍ പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കി.
സൈന്യം പിടികൂടി മുട്ടില്‍ നിര്‍ത്തിയതിനൊപ്പം മര്‍ദ്ദിക്കുകയും ചെയ്തതായി പ്രദേശവാസിയായ മുഹമ്മദ് ഇസ്മായില്‍ മര്‍സൂഖ് പറഞ്ഞു. പ്രമേഹ രോഗിയായ അദ്ദേഹം മരുന്നും ഭക്ഷണവും വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് സൈനികര്‍ പിടികൂടിയത്. കന്നുകാലികളെ എന്ന പോലെ തുടര്‍ച്ചയായി അടിച്ചു കൊണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.