കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പോലിസ് പുതിയ കേസെടുത്തു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് പോലിസ് കേസെടുത്തത്. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിക്ക് അന്വേഷണ ചുമതല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ നിര്‍ണായക വിവരങ്ങള്‍ കിട്ടിയതോടെയാണ് എഫ്‌ഐആറില്‍ പോലീസ് മാറ്റം വരുത്തിയത്.
ആത്മഹത്യാ കേസായി വിശ്വനാഥന്റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകള്‍ പരിഹരിക്കണമെന്നും എസ്‌സിഎസ്ടി കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ഡിസിപി അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ചു. വിശ്വനാഥന്‍ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ടുപേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേര്‍ ചുറ്റും കൂടി നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പോലിസിന് കിട്ടിയിട്ടുണ്ട്.