ഉപരോധം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; വിഴിഞ്ഞം അദാനി പോര്‍ട്ട് സമരം പതിനൊന്നാം ദിവസത്തിലേക്ക്
മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ട് ഉപരോധം കൂടുതല്‍ ശക്തമാക്കാന്‍ സമരസമിതി. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും.
മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സമരസമിതി ഉടന്‍ യോഗം ചേരുന്നുണ്ട്.
അതേസമയം, തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചിന് മുല്ലൂരിലാണ് പരിപാടി.
വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തില്‍ നിന്ന് പോലിസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമെന്നും പോലിസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം.