ഓണ്‍ലൈന്‍ പഠനം ആശങ്കയിലായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശും എട്ടാം ക്ലാസ് വിദ്യാര്‍ഥനിയായ അലീനക്കും ആണ് വൈദ്യുതി അഭാവത്തില്‍ പഠനം ആശങ്കയിലായിരുന്നത്.

Update: 2020-06-04 16:34 GMT

മാള: വൈദ്യുതി ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ആശങ്കയിലായ വിദ്യാര്‍ഥികളെ നേരില്‍ കണ്ട് പ്രശ്‌നപരിഹാരത്തിനായി എത്തി വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. വെള്ളാങ്ങല്ലൂര്‍ വട്ടേക്കാട്ടുകരയില്‍ കല്ലാറ്റ് വീട്ടില്‍ മനോജിന്റെ മക്കളുടെ ഓണ്‍ലൈന്‍ പഠനം ആശങ്കയിലായ വിവരം അറിഞ്ഞാണ് ഇദ്ദേഹം എത്തിയത്. എന്നാല്‍ ഇവരുടെ ജീവിത സാഹചര്യം നേരില്‍ കണ്ട എം എല്‍ എ ഇവര്‍ക്ക് പുതിയ വീടിനും വൈദ്യുതിക്കും വേണ്ട നടപടി സ്വീകരിച്ചു.

പുല്ലൂറ്റ് വി കെ രാജന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശും എട്ടാം ക്ലാസ് വിദ്യാര്‍ഥനിയായ അലീനക്കും ആണ് വൈദ്യുതി അഭാവത്തില്‍ പഠനം ആശങ്കയിലായിരുന്നത്. സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റുക്കിയയാണ് വിഷയം എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊതുപ്രവര്‍ത്തകരുമായി മനോജിന്റെ വീട്ടില്‍ എത്തിയ എം എല്‍ എ വിവരങ്ങള്‍ തിരക്കി. അഞ്ച് വര്‍ഷമായി വട്ടേക്കാട്ടുകരയില്‍ മനോജും കുടുംബവും താമസിക്കുന്നത്. എന്നാല്‍ പാടത്താണ് ഇവര്‍ വീട് നിര്‍മിച്ചതെന്ന സാങ്കേതിക കാരണത്താല്‍ അധികൃതര്‍ വീടിന് പെര്‍മ്മിറ്റ് നല്‍കിയിരുന്നില്ല.

ഡേറ്റാ ബാങ്കില്‍ നിലമായി കിടന്നിരുന്ന ഭൂമി പിന്നീട് ഒരു വര്‍ഷം മുമ്പ് തരം മാറ്റി ഇവര്‍ക്ക് അനുവദിച്ച് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വീടിന് പെര്‍മിറ്റ് ലഭിക്കുകയും ചെയ്തീട്ടുണ്ട്. അടിയന്തിരമായി ഈ കുടുംബത്തിന് വൈദ്യുതി ലഭിക്കാന്‍ വേണ്ട നടപടികള്‍ക്ക് എം എല്‍ എ നിര്‍ദേശം നല്‍കി. കൂടാതെ നിലവിലുള്ള താല്‍ക്കാലിക ഷെഡിന് പകരം പുതിയ വീടിനായി സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് താണിയത്ത് ട്രസ്റ്റിന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ട്രസ്റ്റ് ഭാരവാഹി ഫാ. ഫ്രാന്‍സിസ് താണിയത്ത് മുന്നോട്ടുവന്നിട്ടുണ്ടെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ സിപിഐ വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ടി വി നല്‍കാനും തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ജയന്‍ കയ്യാലക്കല്‍, സിപിഐ പ്രതിനിധി സുരേഷ് പണിക്കശേരി, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സീമന്തിനി സുന്ദരന്‍, സിദ്ധാര്‍ത്ഥന്‍ ചെറുപറമ്പില്‍ തുടങ്ങിയവര്‍ എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News