ഗുരുദേവ സന്ദേശം ലോകത്താകെ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ
മാള: ഗുരുദേവ സന്ദേശം ലോകത്താകെ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശിവഗിരി മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദക്ക് അതിന് സാധിക്കുമെന്നും വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ. മാള എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്വാമികള്‍ക്ക് നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പോലെ സ്വീകാര്യമായിരുന്നു ഗുരുവചനങ്ങള്‍. ഇന്ന് കാണുന്ന ആധുനിക സംവിധാനങ്ങളെല്ലാം ഒരു നൂറ്റാണ്ട് മുന്‍പ് അദ്ദേഹത്തിന്റെ മനസിലുണ്ടായി. ഇതെല്ലാം കൂടുതല്‍ പ്രചരിപ്പിക്കപ്പെടണമെന്നും വി ആര്‍ സുനില്‍കുമാര്‍ തുടര്‍ന്നു പറഞ്ഞു.
മാള സിയുസി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂനിയന്‍ പ്രസിഡന്റ് പി കെ സാബു അധ്യക്ഷത വഹിച്ചു. യൂനിയന്റെ ഉപഹാരം ഭാരവാഹികള്‍ സ്വാമിക്ക് കൈമാറി.
മുന്‍ ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി, മാള ജുമാ മസ്ജിദ് ഇമാം സുബൈര്‍ മാന്നാനി, ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, യോഗം കൗണ്‍സിലര്‍ പി കെ പ്രസന്നന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി വിനോദ്, സാജന്‍ കൊടിയന്‍, ഡെയ്‌സി തോമസ്, മറ്റ് നേതാക്കളായ കെ വി വസന്തകുമാര്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി പി കെ രവീന്ദ്രന്‍, വിജ്ഞാന ദായിനി സഭ പ്രസിഡന്റ് എ ആര്‍ രാധാകൃഷ്ണന്‍, എസ്എന്‍ജി സഭ പ്രസിഡന്റ് എം എസ് സജീവന്‍, ഗുരുധര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍ പി കെ സുധീഷ് ബാബു, യൂനിയന്‍ സെക്രട്ടറി സി ഡി ശ്രീലാല്‍, വൈസ് പ്രസിഡന്റ് രജീഷ് മാരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തെ മാള ജംഗ്ഷനില്‍ നിന്നും ഘോഷയാത്രയായി സ്വാമികളെ സമ്മേളന നഗറിലേക്ക് ആനയിച്ചു. ഘോഷയാത്ര ആരംഭിച്ച സ്ഥലത്ത് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എത്തി സ്വാമിയെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ഡോ. രാജു ഡേവിസ് പെരേപ്പാടന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.