വാല്‍നട്ട് ; കശ്മീരികള്‍ക്ക് ഇത് മരണത്തിന്റെ മരം
കശ്മീര്‍ താഴ്‌വരയില്‍ വിളവെടുപ്പ് കാലം തുടങ്ങി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴ് പേരാണ് വാല്‍നട്ട് മരത്തില്‍ നിന്നും വീണ് മരിച്ചത്
ശ്രീനഗര്‍: കശ്മീരില്‍ ഇത് വാല്‍നട്ടിന്റെ കാലമാണ്. പഴുത്ത കായകള്‍ മരങ്ങളില്‍ നിന്നും പറിച്ചെടുക്കുന്ന കാലം. സെപ്തംബര്‍ പകുതി മുതലാണ് കശ്മീരില്‍ വാല്‍നട്ട് വിളവെടുപ്പ് ആരംഭിക്കുന്നത്. വാല്‍നട്ട് പറിക്കുന്നത് താഴ്‌വരയിലെ ഏറ്റവും അപകടകരമായ ജോലികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഓരോ വര്‍ഷവും നിരവധി പേരാണ് വാല്‍നട്ട് പറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്ന് വീണ് മരിക്കുന്നതും പരിക്കേല്‍ക്കുന്നതും.
ഉയരത്തില്‍ വളരുന്ന വാല്‍നട്ട് മരത്തില്‍ നിന്നും കായകള്‍ പറിച്ചെടുക്കുന്നത് ശ്രമകരമായ ജോലിയാണ്. ചെറിയ കായകളായി ധാരാളം കായ്ക്കുന്ന വാല്‍നട്ട് കൊമ്പുകളില്‍ നിന്ന് വടികൊണ്ട് അടിച്ചാണ് താഴെ വീഴ്ത്തുന്നത്. വഴുക്കലുള്ള മരത്തടിയില്‍ ബാലന്‍സ് ചെയ്ത് നിന്ന് ഇത്തരത്തില്‍ വിളവെടുപ്പ് നടത്തുമ്പോഴാണ് വീണ് പരിക്കേല്‍ക്കുന്നത്. 'ലാന്‍സ്' എന്ന പേരാണ് കശ്മീരില്‍ വാല്‍നെട്ട് വിളവെടുക്കുന്നതിനെ പറയുന്നത്.
1020 അടി വരെ ഉയരമുണ്ടാകുന്നതാണ് വാല്‍നട്ട് മരങ്ങള്‍. വഴുക്കലുള്ള മരത്തടിയാണ് ഇതിനുള്ളത്. കശ്മീര്‍ താഴ്‌വരയില്‍ വിളവെടുപ്പ് കാലം തുടങ്ങി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴ് പേരാണ് വാല്‍നട്ട് മരത്തില്‍ നിന്നും വീണ് മരിച്ചത്. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അമീറാബാദ് ഗ്രാമത്തില്‍ നിന്നുള്ള 21 കാരനായ ഇര്‍ഫാന്‍ അഹ്മദ് എന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥി കഴിഞ്ഞ ദിവസം വാല്‍നട്ട് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് മരിച്ചിരുന്നു. മരത്തില്‍ നിന്ന് വീണ് മാരകമായി പരിക്കേറ്റ ഇര്‍ഫാന്‍ അഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
ഓരോ സീസണിലും വാല്‍നട്ട് മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ നിരവധി പേരെ ചികിത്സക്ക് എത്തിക്കാറുണ്ടെന്ന് ശ്രീനഗറിലെ ഷേര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രമുഖ ന്യൂറോ സര്‍ജനായ ഡോ. നയില്‍ ഖുര്‍ഷിദ് പറയുന്നു. മറ്റ് ജോലികളൊന്നും ലഭിക്കാതെയിരിക്കുമ്പോഴാണ് പലരും അപകടകരമായ ഈ തൊഴിലിലേക്ക് എത്തുന്നത്.