മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ചാലിയാര്‍ പുഴയില്‍നിന്ന് 13 മൃതദേഹങ്ങള്‍ കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ 13 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിവിധയിടങ്ങളില്‍ കണ്ടെത്തിയത്. വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.
ചൊവ്വാഴ്ച രാവിലെ ഏഴോടെ ചാലിയാര്‍ പുഴയിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകിവരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പോത്തുകല്ലിന്റെയും കുനിപ്പാലയുടെയും ഇടയിലുള്ള അഫ്‌സത്ത് വളവില്‍വച്ച് കുട്ടിയുടെ മൃതദേഹം കരക്കടുപ്പിച്ചു. തുടര്‍ന്നാണ് മറ്റ് മൃതദേഹങ്ങളും ഒഴുകിയെത്തിയത്. നാല് വയസ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി, ഏഴ് വയസ് തോന്നിക്കുന്ന പെണ്‍കുട്ടി, 35 വയസ് തോന്നിക്കുന്ന സ്ത്രീ, നാല് പുരുഷന്മാര്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.