വയനാട് ഉരുള്‍പൊട്ടല്‍; മരണം 338; കാണാമറയത്ത് 200ലധികം പേര്‍

Update: 2024-08-02 19:33 GMT

മേപ്പാടി: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 338 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മരണസംഖ്യ വളരെയേറെ ഉയര്‍ന്നേക്കാമെന്നും ആശങ്കയുണ്ട്. ഔദ്യോഗികമായി ഇതുവരെ 210 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു. ഇനിയും ഇരുന്നൂറിലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മരിച്ചവരില്‍146 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ ബന്ധുക്കള്‍ക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 62 മൃതദേഹങ്ങളാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് 27 പേരുടെ മൃതദേഹങ്ങള്‍ കൈമാറി.

ദുരന്തബാധിതരില്‍ പലരും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 273 പേരെയാണ് ദുരന്തപ്രദേശത്തുനിന്നും ആശുപത്രികളിലെത്തിച്ചത്. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 84 പേര്‍ ചികിത്സയിലുണ്ട്. 187 പേര്‍ ഡിസ്ചാര്‍ജായി.

ബെയ്‌ലി പാലം യാഥാര്‍ഥ്യമായതോടെ യന്ത്രസന്നാഹങ്ങളെത്തിച്ച്, കാണാമറയത്തുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ വ്യാപകമായ തിരച്ചിലാണ് വെള്ളിയാഴ്ച നടന്നത്. സൈന്യം, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ് ഗാര്‍ഡ്എന്നിവ ഉള്‍പ്പടെ 40 സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍. മുണ്ടക്കൈ ജങ്ഷന് മുകളിലുള്ള പുഞ്ചിരിമട്ടത്തിന് താഴെയുള്ള ഭാഗങ്ങളിലായിരുന്നു വ്യാഴാഴ്ച തിരച്ചിലെങ്കില്‍ മുകള്‍ഭാഗത്തേക്ക് കയറിയുള്ള പരിശോധനയാണ് വെള്ളിയാഴ്ച നടത്തിയത്. കഡാവര്‍ നായകളേയും തിരച്ചിലിനായി ഉപയോഗിച്ചു. സൈന്യം ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലാണ് തിരച്ചില്‍ കേന്ദ്രീകരിച്ചത്. മലപ്പുറത്ത് ലോക്കല്‍ പോലീസും അഗ്‌നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

സൈന്യത്തിന്റെ തിരച്ചിലില്‍ ഒരു വീട്ടില്‍ ഒറ്റപ്പെട്ടു കഴിഞ്ഞ ഒരു കുടുംബത്തിലെ നാലുപേരെ നാലുപേരെ കണ്ടെത്താനായി. കഞ്ഞിരിക്കത്തോട്ട് തൊട്ടിയില്‍ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് സൈന്യം കണ്ടെത്തിയത്. പിന്നാലെ ഇവരെ നാലു പേരെയും വ്യോമമാര്‍ഗം സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ദുരന്തംകഴിഞ്ഞ് 78 മണിക്കൂറിന് ശേഷമാണ് ഇവരെ കണ്ടെത്തുന്നത്. വീടിനെ കാര്യമായി ഉരുള്‍പൊട്ടല്‍ ബാധിച്ചില്ലെങ്കിലും വഴിയും മറ്റും തകര്‍ന്നതോടെയാണ് നാലുപേരും ഒറ്റപ്പെട്ടുപോയത്.

പിന്നാലെ തിരച്ചിലിനായി ഹെലികോപ്റ്ററുകളുമെത്തി. നിലമ്പൂര്‍ പോത്തുകല്ല് ഭാ?ഗത്താണ് ചാലിയാറിനു മുകളില്‍ കോപ്റ്ററുകള്‍ വഴി തിരച്ചില്‍ നടത്തിയത്. ചിപ്‌സണ്‍ ഏവിയേഷന്റെ കോപ്റ്ററുകളില്‍ കോസ്റ്റ്?ഗാര്‍ഡാണ് പരിശോധന നടത്തിയത്. പോത്തുകല്‍ മുതല്‍ മഞ്ചേരിയിലെ തീരദേശ മേഖലകള്‍വരെ ആകാശപരിശോധന നടത്തി വിവരങ്ങള്‍ ദൗത്യസംഘത്തെ അറിയിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും പ്രാദേശിക രക്ഷാപ്രവര്‍ത്തകരും ചാലിയാറില്‍ സമാന്തര പരിശോധനയും നടത്തിവന്നു.

തിരച്ചില്‍ പുരോഗമിക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ നിന്ന് വൈകുന്നേരം റഡാര്‍ സിഗ്‌നല്‍ ലഭിച്ചത് പ്രതീക്ഷയുണര്‍ത്തി. മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് സിഗ്നല്‍ ലഭിച്ചത്. മനുഷ്യ ജീവന്റെ സൂചനതന്നെയാകണമെന്ന് ഉറപ്പില്ലെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവെടിയാതെ പരിശ്രമം തുടര്‍ന്നു. മണ്ണുകുഴിച്ചും കലുങ്കിനുള്ളില്‍ കയറിയും പരിശോധിച്ചു. മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. മൂന്നാം തവണ നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിക്കാതെ വന്നതോടെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാത്രിയിലും തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങളെത്തിക്കാനും ധാരണയായി. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെത്തി സ്ഥലത്തെ സാഹചര്യം വിലയിരുത്തുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടികളാണ് ആരംഭിച്ചത്. പിന്നാലെ ജീവന്റെ തുടിപ്പിനായി റഡാര്‍ പരിശോധനയിലേക്ക് കടക്കുകയും ചെയ്തു.

അത്യപൂര്‍വ്വ രക്ഷാദൗത്യത്തിനാണ് സൈന്യം നേതൃത്വം കൊടുത്തത്. സന്നദ്ധപ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. പരിശോധനയില്‍ ബ്ലൂ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്രതീക്ഷ കൈവന്നു. ഭാഗികമായി പൊളിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ഷട്ടര്‍ പൊളിച്ചും സൈന്യം തിരച്ചില്‍ തുടര്‍ന്നു. ഇരുട്ട് തിരച്ചിലിന് വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ഫ്ളെഡ് ലൈറ്റ് സംവിധാനമെത്തിച്ചാണ് മുന്നോട്ടുപോയത്. രണ്ട് മണ്ണ് മാന്തിയന്ത്രങ്ങളുമെത്തിച്ചു. നാലാം തവണയും സിഗ്‌നല്‍ ലഭിച്ചതോടെ പ്രതീക്ഷ വര്‍ധിച്ചു. ഒരു ജീവന്റെ തുടിപ്പ് എവിടെനിന്നെങ്കിലും കിട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നാലെ പരിശോധന അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങി.


Tags:    

Similar News