വയനാട് മുണ്ടക്കൈ ദുരന്തം; ജനകീയ തിരച്ചിലില്‍ രണ്ട് ശരീരഭാഗങ്ങള്‍ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ ഇന്ന് നടത്തിയ തിരച്ചിലിലും ശരീരഭാഗങ്ങള്‍ കിട്ടി. പരപ്പന്‍പാറയില്‍ നിന്നാണ് രണ്ട് കാലുകള്‍ കിട്ടിയത്. സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് കാലുകള്‍ ലഭിച്ചത്. പരപ്പന്‍ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാഗങ്ങള്‍ കിട്ടിയത്. പുഴയോട് ചേര്‍ന്നുള്ള ഭാഗത്ത് രണ്ട് കാലുകളാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അവിടെയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ശരീരഭാഗങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്. തെരച്ചിലില്‍ ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തില്‍ പെട്ട 126 പേരെ ഇനി കണ്ടെത്താനുണ്ട്. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.