ഏതെങ്കിലുമൊരു കക്ഷി യുഡിഎഫില്‍ വരുന്നതിനെകുറിച്ചുള്ള ചര്‍ച്ചകളല്ല ചിന്തന്‍ ശിവിറില്‍ നടന്നത്: ചെന്നിത്തല
മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു
തിരുവനന്തപുരം: കോഴിക്കോട് ചിന്തിന്‍ ശിവിര്‍ പ്രഖ്യാനങ്ങള്‍ക്കെതിരെയുളള എല്‍ഡിഎഫിന്റെ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു കക്ഷി യുഡിഎഫില്‍ വരുന്നതിനെകുറിച്ചുള്ള ചര്‍ച്ചകളല്ല ചിന്തന്‍ ശിവിറില്‍ നടന്നത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് ചിന്തന്‍ ശിബിര്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ചിന്തന്‍ ശിവിറോടുകൂടി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കേണ്ടതായിരുന്നു. മുന്നണി വിപുലീകരണ ചര്‍ച്ച നടക്കേണ്ടത് യുഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിനുളളിലും പുറത്തും തനിക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ആശയപരമായി മാത്രമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. സ്വന്തം മണ്ണില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തില്‍ കടുത്ത മനോവ്യഥയുണ്ട്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് വ്യക്തമാക്കും. ഇത് സംബന്ധിച്ച് ചില കോണുകളില്‍ നിന്നും പുറത്ത് വന്ന വാര്‍ത്തകള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.