അയോധ്യാ രാഷ്ട്രീയവും യുപി തിരഞ്ഞെടുപ്പും തമ്മിലെന്ത്? ചില ചരിത്രവിശകലനങ്ങള്‍

Update: 2021-12-06 14:03 GMT

ബാബരി മസ്ജിദ്- അയോധ്യാ ജന്മഭൂമി- ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ശക്തമായ ചലനം സൃഷ്ടിച്ച നീക്കങ്ങളിലൊന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തെ അയോധ്യയ്ക്ക് മുമ്പ് അയോധ്യയ്ക്ക് ശേഷം എന്നുവേണമെങ്കില്‍ നമുക്ക് തരംതിരിക്കാം. അയോധ്യയ്ക്കു മുമ്പും വര്‍ഗീയത രാജ്യത്തുണ്ടായിരുന്നെങ്കിലും അത് ഇന്നത്തേതു പോലുള്ള രൂപമാര്‍ജിച്ചിരുന്നില്ല. അതിനുശേഷമുണ്ടായ 'മോദി കാലം' ഇന്ത്യയെ സംബന്ധിച്ചിടത്തോളം 'അയോധ്യാ പ്രസ്ഥാന'ത്തിന്റെ ദുരന്തഫലമാണ്.

പക്ഷേ, ഇതൊക്കെയായിട്ടും അയോധ്യാ രാഷ്ട്രീയത്തിനപ്പുറത്ത് അയോധ്യക്കാര്‍ ഒരിക്കലും തങ്ങളുടെ വിധി നിര്‍ണയിക്കാനുള്ള അവകാശം ബിജെപിക്ക് മാത്രമായി നല്‍കിയില്ല. സമാജ് വാദി പാര്‍ട്ടി മുതല്‍ വിവിധ പാര്‍ട്ടികള്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലം ഭരിച്ചു. 

1991 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു മുന്നില്‍ നിന്നിരുന്നതെങ്കിലും അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി, എസ്പി, കോണ്‍ഗ്രസ് എന്നിവരെ മാറിമാറി പിന്തുണച്ചു.

മന്ദിര്‍ രാഷ്ട്രീയം ബിജെപിക്ക് മറ്റിടങ്ങളില്‍ സാധ്യതയുണ്ടാക്കിയെങ്കിലും അയോധ്യയില്‍  പലപ്പോഴും പരാജയപ്പെട്ടു. അയോധ്യ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ വര്‍ഗീയതയേക്കാള്‍ ജാതിക്കാണ് പ്രാമുഖ്യമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു സൂചനയുമാണ് ഇത്.  

1991നുശേഷമുള്ള വിവിധ തിരഞ്ഞെടുപ്പുകളില്‍ അയോധ്യ ഉല്‍പ്പെടുന്ന, ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിവിധ പാര്‍ട്ടികളാണ് വിജയിച്ചത്. 1991, 1996, 1999 തിരഞ്ഞെടുപ്പുകളില്‍ ബിജെപി, 1998-2004ല്‍ സമാജ് വാദി പാര്‍ട്ടി എന്നിവര്‍ വിജയിച്ചു. 2009ല്‍ കോണ്‍ഗ്രസ്സിന്റെ ഊഴമായിരുന്നു. 2014ല്‍ വീണ്ടും കോണ്‍ഗ്രസ്. 

നിയമസഭാ മണ്ഡലമെന്ന നിലയില്‍ അയോധ്യ പല കുറി വിജയിച്ചുകയറി. 2012ല്‍ എസ് പി വിജയിച്ചു. 

1991 മുതല്‍ അയോധ്യ യുപി രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ബിജെപിയായിരുന്നു അധികാരത്തില്‍. 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ടു. തല്‍സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയുടെ മുലായം സിങ് യാദവ് ബിഎസ്പിയുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിച്ചു. താമസിയാതെ ബിഎസ്പിയുടെ മായാവതി പിന്തുണ പിന്‍വലിക്കുകയും ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 1997-2002 കാലത്ത് ബിജെപിയായിരുന്നു അധികാരത്തില്‍. പിന്നീട് 2003-2007ല്‍ മായാവതി അധികാരത്തിലെത്തി. തുടര്‍ന്ന് എസ് പി അധികാരം കരസ്ഥമാക്കി. 

2007ല്‍ ബിഎസ്പി സര്‍ക്കാര്‍ രൂപീകരിച്ചു. 2012ല്‍ എസ് പി, 2017ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തി. 2022ല്‍ അധികാരത്തിലിരുന്നുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

അയോധ്യ ക്ഷേത്ര നിര്‍മാണമാണ് ഇത്തവണ യോഗിയുടെ തിരഞ്ഞെടുപ്പ് കാര്‍ഡ്. അത് വീശിയാണ് അവര്‍ തിരഞ്ഞെടപ്പിനെ നേരിടാനൊരുങ്ങുന്നത്.

1989 മുതല്‍ കോണ്‍ഗ്രസ് അധികാരത്തിനു പുറത്താണ്. അവര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയിട്ട് ഏകദേശം 30 വര്‍ഷം കഴിഞ്ഞു. 2009ല്‍ അവര്‍ക്ക് 23 ലോക് സഭാ സീറ്റ് മാത്രമാണ് ലഭിച്ചത്. 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആ വിജയം ആവര്‍ത്തിക്കാനായില്ല. 2019ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി. 

ക്ഷേത്ര രാഷ്ട്രീയത്തിനു മുമ്പ് കോണ്‍ഗ്രസ്സിന് മൂന്ന് വോട്ട് ബാങ്കുകളാണ് ഉണ്ടായിരുന്നത്, സവര്‍ണര്‍, ന്യൂനപക്ഷങ്ങള്‍, ദലിതര്‍. പിന്നീട് ഓരോ വിഭാഗവും ഓരോരുത്തരായി നേടിയെടുത്തു. ന്യൂനപക്ഷങ്ങളെ എസ്പി കൊണ്ടുപോയി, സവര്‍ണര്‍ ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. ദലിതര്‍ ബിഎസ്പിക്ക് വോട്ട് ചെയ്തു.

ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറം മറ്റൊരു സാധ്യത തേടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രിയങ്കാഗാന്ധി. യുപിയുടെ ചാര്‍ജ് പ്രിയങ്കക്കാണ്.

യുപിയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ട്, കൂട്ടത്തില്‍ എന്‍ആര്‍സി, സിഎഎ തുടങ്ങിയവയും. ഇക്കാര്യത്തില്‍ എസ്പിയുടെ അഖിലേഷിനാണ് ജനകീയ പിന്തുണ. യുദ്ധം ബിജെപിയും എസ്പിയുംതമ്മിലാവുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ യുദ്ധത്തില്‍ കോണ്‍ഗ്രസ്സിന് എന്തെങ്കിലും പങ്കുവഹിക്കാനുണ്ടോ? കണ്ടറിയണം. 

Tags:    

Similar News