അമേരിക്കയില്‍ 10 വര്‍ഷത്തിനുശേഷം വീണ്ടും പോളിയോ

Update: 2022-07-24 01:21 GMT

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 10 വര്‍ഷത്തിനുശേഷം വീണ്ടും പോളിയോ ബാധ സ്ഥിരീകരിച്ചു. മാന്‍ഹാട്ടനിലെ റോക് ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന പോളിയോ വാക്‌സിനേഷനെടുക്കാത്ത ഒരു യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ഏകദേശം ഒരു ദശാബ്ദത്തിനിടെ യുഎസിലുണ്ടാവുന്ന ആദ്യത്തെ കേസാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പേടിക്കേണ്ട കാര്യമില്ല, പോളിയോ പകര്‍ച്ചവ്യാധിയല്ല. എന്നാല്‍, യുവാവില്‍ അണുബാധയുണ്ടായത് എങ്ങനെയെന്ന് കണ്ടെത്തും. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധയുണ്ടായോ എന്നും കണ്ടെത്തുമെന്നും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, അണുബാധ എങ്ങനെ സംഭവിച്ചുവെന്നും മറ്റുള്ളവരിലേക്ക് ബാധിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ കേസുകള്‍ക്കായി ജാഗ്രത പാലിക്കാന്‍ ആരോഗ്യ പരിരക്ഷാ ദാതാക്കളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാക്‌സിനേഷനെടുക്കാത്ത പ്രദേശത്തെ ആളുകളോട് ഡോസ് എടുക്കാന്‍ അഭ്യര്‍ഥിച്ചു. ദി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് അനുസരിച്ച് രോഗി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഭാര്യയോടൊപ്പം മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നു. ഇദ്ദേഹത്തിന് നില്‍ക്കാന്‍ കഴിയും, പക്ഷേ, നടക്കാന്‍ പ്രയാസമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് 2013ലാണ് ഇതിനു മുമ്പ് യുഎസില്‍ പോളിയോ സ്ഥിരീകരിച്ചത്. അമേരിക്കയില്‍, 2000 ല്‍ പോളിയോ വാക്‌സിന്‍ വായിലൂടെ നല്‍കുന്നത് നിര്‍ത്തി.

പോളിയോ വൈറസ് പ്രധാനമായും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള ആഗോളതലത്തില്‍ അതിനെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പോളിയോ 125 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ലോകത്താകമാനം 3,50,000 ലധികം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 1988 മുതല്‍ കേസുകളുടെ എണ്ണത്തില്‍ 90 ശതമാനം കുറവുണ്ടായി. അഫ്ഗാനിസ്താനിലും പാകിസ്താനിലും പോളിയോ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ലണ്ടനിലെ മലിനജല സാംപിളുകളില്‍ വാക്‌സിനുകളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരുതരം പോളിയോ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യസംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News