അടുത്ത അഫ്ഗാന്‍ പ്രസിഡന്റാവുമെന്ന് പ്രതീക്ഷിക്കുന്ന മുല്ല ബറാദര്‍ ആരാണ്?
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം കയ്യാളുമെന്ന് ഉറപ്പായതോടെ പ്രസിഡന്റാവാന്‍ സാധ്യത കല്‍പ്പിക്കുന്ന നേതാവാണ് മുല്ല ബറാദര്‍. മുഴുവന്‍ പേര് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദ്. മുല്ല എന്നത് താലിബാന്‍കാര്‍ ബഹുമാനപൂര്‍വം വിളിക്കുന്ന പേരാണ്. അഫ്ഗാന്‍ താലിബാന്‍ സഹസ്ഥാപകനാണ്. ബറാദര്‍ എന്നാല്‍ സഹോദരന്‍.
അഫ്ഗാനിലെ ഉറുഘാന്‍ പ്രവിശ്യയില്‍ 1968ല്‍ ജനിച്ചു. 1980കളില്‍ സോവിയറ്റ് യൂനിയനെതിരേ പോരാടിയ അഫ്ഗാന്‍ മുജാഹിദ്ദീന്‍ അണികളിലൊരാള്‍. സോവിയറ്റ് സൈന്യം നാടുവിട്ടശേഷം കണ്ഡഹാറില്‍ മുഹമ്മദ് ഉമറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഉമറിന്റെ സഹോദരിയെയാണ് ബറാദര്‍ വിവാഹം കഴിച്ചത്.
1994ല്‍ താലിബാന്‍ ആരംഭിച്ചു. 1996ല്‍ അധികാരത്തിലെത്തി. താലിബാന്‍ അധികാരത്തിലിരിക്കുമ്പോള്‍ പ്രതിരോധ മന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്നു. പുറത്തായശേഷം പാകിസ്താന്‍, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിച്ചു.
താലിബാന്റെ ഏറ്റവും പ്രമുഖനായ നേതാവ്. താലിബാന്റെ പൊതുമുഖം. താലിബാനില്‍ സ്ഥാനം കൊണ്ട്് ഒന്നാം സ്ഥാനക്കാരന്‍ ഹിബത്തുല്ല അഖുന്‍സാദയാണെങ്കിലും അണികള്‍ക്കിടയില്‍ പ്രമുഖനും താലിബാന്റെ പൊതുമുഖവും ബറാദറാണ്. യുഎസ്, അഫ്ഗാന്‍ സമാധാന ചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിച്ചിരുന്ന ബറാദര്‍ ദീര്‍ഘകാലമായി ഖത്തറിലാണ്.
2010ല്‍ പാകിസ്താനില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 2018ല്‍ ട്രംപ് ഭരണകൂടത്തിനു വേണ്ടി ചര്‍ച്ച നടത്തിയിരുന്ന സല്‍മെ ഖലീല്‍സാദിന്റെ അഭ്യര്‍ത്ഥന മാനിച്ച് മോചിപ്പിച്ചു. ചര്‍ച്ചകളില്‍ താലിബാനെ പ്രതിനിധീകരിക്കാന്‍ കൊള്ളാവുന്ന ഒരാളെന്ന നിലയിലാണ് ബര്‍ദാറിനെ മോചിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഖത്തറില്‍വച്ചു നടന്ന ചര്‍ച്ചയിലാണ് യുഎസ് സൈന്യം അഫ്ഗാന്‍ വിടുന്നത്. 2004, 2009 കാലത്തെ പല സമാധാനചര്‍ച്ചകള്‍ക്കും മുന്‍കയ്യെടുത്തത് മുല്ല ബറാദറാണ്. സമാധാന ചര്‍ച്ചകളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചവരില്‍ പ്രധാനി.
2020ല്‍ ദോഹ യുഎസ്സുമൊത്ത് ദോഹ കരാറില്‍ ഒപ്പുവച്ചു. അക്കാലത്ത് യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജൂലൈ 2021ന് ചൈന സന്ദര്‍ശിച്ച താലിബാന്റെ ഒമ്പതംഗ പ്രതിനിധി സംഘത്തെ ബറാദറാണ് നയിച്ചത്. അഫ്ഗാന്‍ താലിബാന്‍ സുപ്രധാനമായ രാഷ്ട്രീയ ശക്തിയാണെന്ന് ആ യോഗത്തില്‍ വച്ചാണ് ചൈന പ്രഖ്യാപിച്ചത്.
പൊതുസമ്മതിയില്ലാതെ താലിബാന് നിലനില്‍ക്കാനാവില്ലെന്ന അഭിപ്രായക്കാരനാണ് ബറാദര്‍. 2009ല്‍ ജനഹൃദയങ്ങളെ വശീകരിക്കുകയെന്ന പേരില്‍ ഒരു ഹാന്‍ഡ് ബുക്ക് തയ്യാറാക്കി താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയതിനു പിന്നില്‍ ബറാദറായിരുന്നു. സൈനിക മുന്നേറ്റത്തിനുശേഷം പുറത്തുവിട്ട സന്ദേശത്തില്‍ ബറാദര്‍ രാജ്യം ഭരിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മുല്ല ബറാദര്‍ ഖത്തറില്‍ നിന്ന് കണ്ഡഹാറില്‍ എത്തിയത്. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ അനുയായികളോടൊപ്പം നില്‍ക്കുന്ന വീഡിയോ പ്രചരിച്ചിട്ടുണ്ട്. 2001നുശേഷം ആദ്യമായാണ് ബറാദര്‍ അഫ്ഗാനിലെത്തുന്നത്.