പുറത്താക്കപ്പെട്ട ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ ആരാണ്?
ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് ചന്ദ്ര വര്‍മയെ വിരമിക്കാന്‍ ഒരു മാസം ബാക്കിയുള്ളപ്പോള്‍ സര്‍വീസില്‍നിന്ന് പുറത്താക്കി. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇതിനെതിരേ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്.
എന്തിനാണ് ആഭ്യന്തര മന്ത്രാലയം ഈ ഉദ്യോഗസ്ഥനോട് ഇത്ര കടുത്ത നടപടിയെടുത്തത്? ആരാണ് ഈ ഉദ്യോഗസ്ഥന്‍?
ബീഹാര്‍ സ്വദേശിയായ 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സതീശ് ചന്ദ്ര വര്‍മ. അദ്ദേഹത്തിനുശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ ഡിജിപി റാങ്കില്‍ ജോലി ചെയ്യുമ്പോള്‍ വര്‍മ ഇപ്പോഴും വെറും ഐജി മാത്രമാണ്. ഡല്‍ഹി ഐഐടി പൂര്‍വവിദ്യാര്‍ത്ഥിയുമാണ്.
ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ജൂണ്‍ 15നാണ് സീഷന്‍ ജോഹര്‍, അംജദലി അക്ബറലി റാണ, ജാവേദ് ഷെയ്ഖ്, 19 കാരിയായ ഇസ്രത് ജഹാന്‍ എന്നിവര്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു വര്‍മ. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി പല തവണ വര്‍മക്ക് ഇടയേണ്ടിവന്നു. ആ നീരസം ഇപ്പോഴും നിഴല്‍ പോലെ അദ്ദേഹത്തെ പിന്തുടരുന്നു.
2014ല്‍, ഇസ്രത്ത് ജഹാന്‍ കേസിലെ അന്വേഷണമാണ് തന്റെ തലവര മാറ്റിയതെന്നാണ് വര്‍മ പറയുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയതിനെതിരേ സമര്‍പ്പിച്ച ഹരജിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിത്.
സെപ്തംബര്‍ 30നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്. പക്ഷേ, അതിന് ഒരു മാസം മുമ്പ് അതായത് ആഗസ്റ്റ് 30ന് അദ്ദേഹത്തെ പിരിച്ചുവിട്ടു. പെന്‍ഷനോ വിരമിച്ച ശേഷമുള്ള മറ്റ് ആനുകൂല്യങ്ങളോ വര്‍മ്മയ്ക്ക് ലഭിക്കില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം.
വര്‍മ്മയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് 2021ല്‍ ഹൈക്കോടതി, ആഭ്യന്തര മന്ത്രാലയത്തോട് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ വര്‍ഷം ആഗസ്റ്റ് 30ന് വര്‍മയെ പിരിച്ചുവിടാന്‍ മന്ത്രാലയത്തിന് ഹൈക്കോടതി അനുമതി നല്‍കി.
ഈ രണ്ട് ഹൈക്കോടതി ഉത്തരവുകളുമായി ബന്ധപ്പെട്ട് വര്‍മ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. കേസ് നാളെ(സെപ്തംബര്‍ 16) പരിഗണിക്കും.
കോയമ്പത്തൂരില്‍ സിആര്‍പിഎഫിലായിരുന്നു അവസാനം അദ്ദേഹത്തിന്റെ നിയമനം. അവിടത്തെ പരിശീലന സ്‌കൂളില്‍ ഡയറക്ടറായിരുന്നു. വിദേശയാത്രക്കുള്ള അനുമതി പല തവണ കേന്ദ്രം നിഷേധിച്ചു. രണ്ടിടത്ത് ജോലി ചെയ്യുന്നയാളെന്ന നിലയില്‍ രണ്ട് വസതികള്‍ക്ക് അര്‍ഹതയുണ്ടായിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. സര്‍വീസിലിരിക്കുന്ന കാലത്ത് വലിയ പീഡനത്തിന് വിധേയനായി.
2016ല്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖമാണ് നടപടിക്ക് കാരണമായി പറഞ്ഞത്. മുന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന ആര്‍ വി എസ് മണി അദ്ദേഹത്തിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരേ തന്റെ നിലപാട് വ്യക്തമാക്കിയതായിരുന്നു പുറത്താക്കാലിനു കാരണമായെടുത്തത്. അഭിമുഖം അന്താരാഷ്ട്രബന്ധങ്ങളെ മോശമായി ബാധിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം.