ആരായിരുന്നു രഘു നായക് ?

1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വധിച്ചതില്‍ നാഥുറാം ഗോഡ്‌സെ വഹിച്ച പങ്കിനെക്കുറിച്ച് മിക്കവര്‍ക്കും അറിയാമെങ്കിലും, കൊലപാതകത്തിന് ശേഷം ഗോഡ്‌സെ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ കഥ പലര്‍ക്കും അറിയില്ല.

Update: 2022-10-12 06:40 GMT

കോഴിക്കോട് : ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരേ ആദ്യം ഉയര്‍ന്ന കൈകള്‍ രഘുനായക് എന്ന തോട്ടം തൊഴിലാളിയുടേതാണ്. രാജ്യം നടുങ്ങിയ ഒരു കൊലപാതകത്തിലെ പ്രതിയെ സംഭവസ്ഥലത്തുവച്ച് തന്നെ കീഴടക്കിയ ധീരനാണ് രഘുനായക്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാഥുറാം വിനാക് ഗോഡ്‌സെ എന്ന ആര്‍എസ്എസുകാരനെ അടിച്ചുവീഴ്ത്തി പോലിസിനു കൈമാറിയ രഘുനായക് ആണ് ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ തുടക്കക്കാരന്‍.




 


1948 ജനുവരി 30ന് മഹാത്മാഗാന്ധിയെ വധിച്ചതില്‍ നാഥുറാം ഗോഡ്‌സെ വഹിച്ച പങ്കിനെക്കുറിച്ച് മിക്കവര്‍ക്കും അറിയാമെങ്കിലും, കൊലപാതകത്തിന് ശേഷം ഗോഡ്‌സെ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ കഥ പലര്‍ക്കും അറിയില്ല. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ ജഗുലൈപാഡ ഗ്രാമത്തില്‍ നിന്നുള്ള രഘു നായകിന്റെ ധീരമായ ഇടപെടലാണ് ഗാന്ധിജിയുടെ ഘാതകനെ പിടികൂടാന്‍ സഹായിച്ചത്. ഹിന്ദുത്വ ആശയക്കാരനായ നാഥുറാം വിനാക് ഗോഡ്‌സെ ഗാന്ധിജിയുടെ നേരെ മുന്നില്‍ നിന്ന് അദ്ദേഹത്തിന്റെ ദുര്‍ബലമായ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് വീഴ്ത്തിയ ദിവസം ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസിലെ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു രഘു നായക്. വെടിശബ്ദവും ബഹളവും കേട്ട് ഓടിയെത്തിയ അദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്‌സെയെ ഓടിച്ചിട്ടുപിടിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. എഴുനേറ്റ് രക്ഷപ്പെടാന്‍ ശ്രമിച്ച ഗോഡ്‌സെയെ കൈയിലുണ്ടായ അരിവാള്‍ കൊണ്ട് രഘു നായക് തലക്കടിച്ച് വീണ്ടും വീഴ്ത്തി.

രഘു നായകിന്റെ ധീരതയെ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആദരിച്ചിരുന്നു. 1955 ഫെബ്രുവരി 2ന് രാഷ്ട്രപതി ഭവനില്‍ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും 500 രൂപയും പ്രശംസാപത്രവും നല്‍കുകയും ചെയ്തു. 1983ലാണ് രഘു നായക് മരിച്ചത്. ഗാന്ധിജിയുടെ ജീവചരിത്രകാരന്മാരും രാഷ്ട്രപിതാവിന്റെ പേഴ്‌സണല്‍ സെക്രട്ടറി പ്യാരേലാല്‍ ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാരും രഘുവിന്റെ വീരകൃത്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 2016ല്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് രഘു നായകിന്റെ ഭാര്യ മണ്ഡോദരിയെ ആദരിക്കുകയും 5 ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു. രഘു നായകിനൊപ്പം മണ്ഡോദരിയും ബിര്‍ള ഹൗസിലെ തൊഴിലാളിയായിരുന്നു.

Tags:    

Similar News