രക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നലിലാണ് ഇന്ത്യന്‍ ജനത. അനീതികള്‍ക്കെതിരേ നാവായി മാധ്യമങ്ങളുണ്ടാകുമെന്നും നിയമനിര്‍മാണ സഭകള്‍ ധീരതയുടെ പര്യായമാവുമെന്നും നാം കരുതുന്നു. നീതിനിര്‍വഹണത്തിലും നമുക്ക് പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷകളൊക്കെ അസ്ഥാനത്താണെന്ന് അതേസമയത്തുതന്നെ നമുക്കറിയാം. ഇത്തരത്തില്‍ പ്രതീക്ഷകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ ഞെരുങ്ങുകയാണ് ഇന്ത്യന്‍ വര്‍ത്തമാനകാല പൗരജീവിതം.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ദിവസം ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്കു വഴിമാറുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. നിയമനിര്‍മാണ സഭകളുടെ പ്രവര്‍ത്തനനിലവാരം കുറഞ്ഞുവരികയാണ്. ഇതൊന്നും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ലെന്ന് ചീഫ്ജസ്റ്റിസ് ഒരു വേദിയില്‍ തുറന്നുപറഞ്ഞു. മോദി ഭരണകൂടത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷവും സ്വതന്ത്രവിമര്‍ശകരും മാധ്യമങ്ങളും സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളെ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ചീഫ് ജസ്റ്റിസ് ഇത് പറഞ്ഞതെന്നതു ശ്രദ്ധേയമാണ്. വാക്കുനിരോധനത്തിനു തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് വളപ്പില്‍ എല്ലാവിധ പ്രതിഷേധങ്ങള്‍ക്കും വിലക്കുവീണത്.
പരമോന്നത നിയമനിര്‍ണാണസഭയ്ക്കകത്ത് ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഒരൊറ്റവാക്കുപോലും ഉയരാന്‍ പാടില്ല. സഭാവളപ്പില്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം പോയിട്ട് ഒരുനിരാഹാര സമരം പോലും നടത്താനും പാടില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു. സഭയ്ക്കകത്തും സഭാവളപ്പിലും നടപടി ഒതുങ്ങുമെന്നു കരുതിയെങ്കില്‍ നമുക്കു തെറ്റിയെന്ന് മുഹമ്മദ് സുബൈറിന്റെ അനുഭവം പറഞ്ഞുതരും.
മുഹമ്മദ് സുബൈറിന്റ അനുഭവത്തിന് ഒരു വശമല്ല ഉളളത്. വര്‍ത്തമാനാവസ്ഥയില്‍ ഒരു ഇന്ത്യന്‍ മുസ് ലിമിന്റെ അനുഭവം ആ കഥയിലുണ്ട്. ഭരണകൂട രാഷ്ട്രീയത്തെ തുറന്നുകാണിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പും അതിലുണ്ട്. അതിലുപരി ഭരണകൂട മാധ്യമവേട്ടയുടെ രാഷ്ട്രീയവും അതിലുണ്ട്. അതുകൊണ്ട് മുഹമ്മദ് സുബൈര്‍ ഒരു പ്രതീകം കൂടിയാണ്. വാര്‍ത്തകളുടെ വസ്തുത പരിശോധിക്കുന്ന സമാന്തര മാധ്യമസ്ഥാപനമായ ആള്‍ട്ട് ന്യൂസിന് ഒരു മുഖവുരയുടെ ആവശ്യം ഇന്ത്യയിലില്ല. സംഘപരിവാര കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വിദേഷരാഷ്ട്രീയം കൈയോടെ പിടികൂടി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുന്ന ഫാക്ട് ചെക്കിങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈര്‍.
ബിജെപി വക്താവ് നൂപൂര്‍ശര്‍മ നടത്തിയ പ്രവാചകനിന്ദ ലോകത്തിന്റെ മുഴുവന്‍ വിമര്‍ശനങ്ങളേറ്റുവാങ്ങുംവിധം പുറത്തെത്തിച്ചത് മുഹമ്മദ് സുബൈറും അദ്ദേഹത്തിന്റെ ആള്‍ട്ട് ന്യൂസുമാണ്. ഇതുമാത്രമല്ല, യതി നരസിംഹാന്ദ്്, മഹന്ദ് ബജ്രംഗ് മുനി, ആനന്ദ് സ്വരൂപ് തുടങ്ങിയവരുടെ വിദേഷപ്രസംഗങ്ങള്‍ പുറത്തുകൊണ്ടുവന്നതും ഇദ്ദേഹമായിരുന്നു. എത്ര ശ്രമിച്ചിട്ടും മുഹമ്മദ് സുബൈറിനെ കുടുക്കാന്‍ ഒരുപിടിവള്ളി കിട്ടാതിരുന്നപ്പോഴാണ് 2018 മാര്‍ച്ചില്‍ നടത്തിയ ഒരു ട്വീറ്റിന്റെ പേരില്‍ അദ്ദേഹത്തെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് മതവികാരം വ്രണപ്പെടുത്തലല്ലെന്ന യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടി ഏദ്ദേഹത്തിന് ഡല്‍ഹി കോടതി ജാമ്യവും നല്‍കി. പക്ഷേ ജയിലിനു പുറത്തിറങ്ങാനാവുന്നില്ല. കാരണം കഴിഞ്ഞദിവസം സുപ്രിം കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്നെ വെട്ടിത്തുറന്നു പറഞ്ഞു. മുഹമ്മദ് സുബൈര്‍ 2018ല്‍ ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്ത കുറിപ്പിന്റെ പേരില്‍ യുപി പോലിസ് ലഖിംപൂര്‍ഖേരി, മുസാഫര്‍ നഗര്‍, ഗാസിയാബാദ്, ഹത്രാസ് എന്നിവിടങ്ങളിലായി അഞ്ച് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നിരിക്കെ ഒരു കേസില്‍ ജാമ്യം ലഭിച്ചാല്‍ മറ്റൊരുകേസില്‍ റിമാന്‍ഡ് ചെയ്യപ്പെടുന്നു. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതു ക്രൂരമാണ് എന്നായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞത്.
എല്ലാ കേസുകളുടെയും ഉള്ളടക്കം ഒന്നു തന്നെയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. ഭരണകൂടത്തെ വിമര്‍ശിക്കാനുപയോഗിക്കുന്ന വാക്കുകള്‍ അണ്‍പാര്‍ലമെന്ററിയായും ഭരണകൂടത്തിനെതിരായ സമരങ്ങളെ ദേശവിരുദ്ധമായും പ്രഖ്യാപിക്കുകയും ചിത്രീകരിക്കുകയും ചെയ്യുംപോലെ തന്നെയാണ് ഭരണകൂടവിമര്‍ശകരെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. പ്രവാചക നിന്ദയക്കെതിരേ പ്രയാഗ് രാജില്‍ നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് വെല്‍ഫെയര്‍പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദ് അറസ്റ്റിലായത്. മുഹമ്മദ് സുബൈറിന്റെ കേസിലെന്നപോല ഇദ്ദേഹത്തിന്റെപേരിലും ആരോപിക്കപ്പെട്ടതുപോലെ യുപി പോലിസിന് ഒന്നും കണ്ടെത്താനോ തെളിയിക്കാനോ സാധിച്ചിട്ടില്ല. മറിച്ച് പ്രതിഷേധക്കാര്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റെ പ്രഖ്യാപിത നടപടിയുടെ ഭാഗമായി ജാവേദ് മുഹമ്മദിന്റെ വീട് അധകൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അതുപക്ഷേ, ജാവേദ് മുഹമ്മദിന്റെ ഭാര്യയുടെ പേരിലുളള വീടായിരുന്നു. തന്റെ വീട് തകര്‍ത്തതിനെതിരേ ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നല്‍കിയ പരാതി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരാന്‍ പോവുകയാണ്. ആ അവസരത്തിലാണ് കഴിഞ്ഞദിവസം ജാവേദിനെതിരേ ദേശസുരക്ഷാനിയമം ചുമത്തി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതിഷേധനാളില്‍ അദ്ദേഹം പ്രയാഗ്‌രാജില്‍ ബന്ദിന് ആഹ്വാനം ചെയ്‌തെന്നാണ് പോലിസ് ഭാഷ്യം. ഇങ്ങനെയാണ് കേസിനുമേല്‍ കേസുണ്ടാക്കി ഭരണകൂടം പൗരവേട്ട നടത്തുന്നത്. ഇവിടെയാണ് ഇതൊന്നും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണങ്ങളല്ല എന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നിരീക്ഷണം പ്രസക്തമാവുന്നത്. പക്ഷേ, ആ നിരീക്ഷണം കുറിക്കുകൊള്ളുന്നത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വാക്കുകളില്‍ എത്തുമ്പോഴാണ്. ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി മീറ്റില്‍ അശോക് ഗെഹ്‌ലോട്ട് കഴിഞ്ഞദിവസം കേന്ദ്ര നിയമന്ത്രി കിരണ്‍ റിജിജുവിനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയെയും വേദയിലിരുത്തി തുറന്നുപറഞ്ഞ ചില കാര്യങ്ങളുണ്ട്. വിരമിച്ച ശേഷം എന്തുകിട്ടുമെന്ന് ആശങ്കയുള്ള ജഡ്ജിമാര്‍ എങ്ങനെയാവും തങ്ങളുടെ ജോലി ചെയ്യുക എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. അപ്പോള്‍ രാജ്യത്തെ പ്രശ്‌നം രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ മാത്രമല്ല, അത് നീതിപീഠങ്ങള്‍ എങ്ങനെ പരിഗണിക്കുന്നുവെന്ന കാര്യത്തിലും ഇരിപ്പുണ്ടെന്ന് അശോക് ഗെഹ്‌ലോട്ട് തുറന്നുപറയുകയായിരുന്നു.
ഇപ്പോള്‍ രാജ്യസഭാംഗമായ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് വിരമിച്ചശേഷം എന്താകുമെന്ന ആശങ്ക ജഡ്ജിമാരുടെ കോടതികളിലെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് അശോക് ഗെഹ്‌ലോട്ട് തുറന്നടിച്ചത്. നാല് സുപ്രിം കോടതി ജഡ്ജിമാരാണ് ജനാധിപത്യം അപകടത്തിലാണെന്നു പറഞ്ഞിരുന്നത്. അവരില്‍ ഒരാള്‍ റിട്ടയേഡ് ചീഫ് ജസ്റ്റസ് രഞ്ജന്‍ ഗോഗോയ് ആയിരുന്നു. എന്നിട്ട് അദ്ദേഹം രാജ്യസഭാംഗവുമായി എന്നാണ് ഗെഹ്‌ലോട്ട് പറഞ്ഞത്. രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥയിലാണ് നമ്മള്‍ ആദ്യം പറഞ്ഞ അരക്ഷിതാവസ്ഥ എന്നതിന്റെ വ്യാപ്തി വേട്ടയാടപ്പെടുന്നവര്‍ക്കു ചുറ്റും ഇന്ത്യയില്‍ വളരുന്നത് നമുക്കുകാണാനാവുക.
ഇവിടെ നിന്നുകൊണ്ടാണ് സി വി രാമന്‍ പിള്ളയുടെ ആ ചോദ്യം ചോദിക്കാന്‍ തോന്നുന്നത്, ആരുണ്ടെടാ രക്ഷിക്കാന്‍ എന്ന ചോദ്യം. അടിയന്‍ ലച്ചിപ്പോം എന്നുപറഞ്ഞ് ആരു ചാടിവീഴുമെന്നു കാത്തിരിക്കുകയാണ് ജനാധിപത്യരാജ്യത്തെ പൗരന്‍മാര്‍. കാരണം സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം.