ജൂബിന്‍ ജേക്കബ് കൊച്ചുപുരക്കന്‍
ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ തങ്ങളുടെ വണ്ടി മാറ്റം വരുത്തിയത് കഴിഞ്ഞ ദിവസം വലിയ വിവാദത്തിന് കാരണമായി. വണ്ടിക്ക് പിഴയിട്ട ഗതാഗത വകുപ്പിന്റെ നടപടിയോട് ഇവരെടുത്ത സമീപനം പ്രശ്‌നം വഷളാക്കി. വാഹനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നമുക്ക് മാറ്റംവരുത്താന്‍ അവകാശമുണ്ടോ? എന്താണ് അതിന്റെ മാനദണ്ഡം? ജൂബിന്‍ ജേക്കബ് കൊച്ചുപുരക്കന്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്.
സോഷ്യല്‍ മീഡിയയില്‍ ഏതാനും മണിക്കൂറുകളായി കറങ്ങുന്ന ഒരു പോസ്റ്ററാണ് ആദ്യത്തെ ചിത്രം.
ഹൈവേ പൊലീസിന്റെയും പിങ്ക് പട്രോളിന്റെയുമൊക്കെ വാഹനങ്ങളുടെ ചിത്രത്തോടൊപ്പം വിവാദവാഹനമായ നെപ്പോളിയന്റെ ചിത്രവും ചേര്‍ത്താണ് രോഷപ്രകടനം. പൊലിസ് വാഹനങ്ങള്‍ക്കും ആംബുലന്‍സിനുമൊക്കെ സ്റ്റിക്കറൊട്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് ആയിക്കൂടാ എന്നാണ് ചോദ്യം. ഇതൊരു തെറ്റിദ്ധാരണയുടെ മേല്‍ വളര്‍ന്നു വന്ന ചോദ്യമാണ്. അതെന്താണെന്ന് പറയാം.
ലിവെറി (Livery) എന്നൊരു വാക്കുണ്ട്. ഒരു യൂനഫോം പോലെ വാഹനങ്ങളെയോ മറ്റു വസ്തുക്കളെയൊ തിരിച്ചറിയാനായി സര്‍ക്കാരോ സര്‍ക്കാരിതര സ്ഥാപനങ്ങളോ അവരുടേതായ നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് രൂപകല്പന ചെയ്യുന്ന ഒരു സംവിധാനത്തിന്റെ പേരാണിത്. എയര്‍ ഇന്ത്യയുടെ വിമാനം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് വരെയുള്ള വാഹനങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നത് ഈ ലിവെറി ഉള്ളതു കൊണ്ടാണ്.
കേരളാ പൊലിസിന്റെ ലിവെറി ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. സ്‌റ്റേഷന്‍ വാഹനങ്ങള്‍ക്ക് പ്രത്യേകിച്ച് ഡിസൈനുകളില്ലെങ്കിലും ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍, കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് നിശ്ചിത നിറങ്ങളും ഡിസൈനുമുണ്ട്. എംവിഡിയുടെ വാഹനങ്ങള്‍ക്കും ഇതേ പോലെ ഓരോ ലിവെറിയുണ്ട്. 108 ആംബുലന്‍സുകള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം ഒരേ തരത്തില്‍ ഡിസൈനുള്ള ആ വാഹനങ്ങളുടെ ലിവെറി. ഇതെല്ലാം നിയമപരമായി റജിസ്റ്റര്‍ ചെയ്തവയാണ്.
സ്വകാര്യവാഹനങ്ങള്‍ക്ക് ലിവെറി ഉണ്ടാക്കാനാകുമോ?
നിങ്ങള്‍ ഒരു വ്യക്തിയായാലും സ്ഥാപനമായാലും സ്വന്തം വാഹനത്തിന് അല്ലെങ്കില്‍ വാഹനങ്ങള്‍ക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാവും എന്നാണ് ഉത്തരം. ഇത് നമ്മുടെ നാട്ടിലെയോ വിദേശത്തെയോ പൊലിസ്/മിലിട്ടറി അല്ലെങ്കില്‍ പാരാമിലിട്ടറി പോലെയുള്ള ഫോഴ്‌സുകളുടെ വാഹനങ്ങളുടെ ലിവെറിയുമായി സാമ്യമില്ലാത്തതും, നിയമവിരുദ്ധമായ ചിഹ്നങ്ങളോ വാചകങ്ങളോ പ്രദര്‍ശിപ്പിക്കാത്തതുമായിരിക്കണം. മുമ്പ് വടക്കന്‍ കേരളത്തില്‍ ദുബായ് പൊലിസ് വാഹനത്തിന്റെ മാതൃകയില്‍ ലിവെറി ചെയ്ത ഒരു കാര്‍ പിടിച്ചത് വാര്‍ത്തയായിരുന്നു. നാം നിത്യജീവിതത്തില്‍ കാണുന്ന കൊറിയര്‍ വാഹനങ്ങള്‍, എടിഎമ്മുകളില്‍ നോട്ട് കൊണ്ടുവരുന്ന കവചിത വാഹനങ്ങള്‍ തുടങ്ങി എണ്ണക്കമ്പനികളുടെ സ്വന്തമായ ടാങ്കര്‍ ലോറികള്‍ വരെ ശ്രദ്ധിച്ചാല്‍ അതാത് കമ്പനികളുടെ സ്വന്തം ലിവെറികള്‍ക്ക് ഉദാഹരണം മറ്റൊന്നും വേണ്ട.
സിനിമയിലെ പൊലിസ് വാഹനങ്ങള്‍ സ്‌ക്രീനില്‍ നാം കാണുന്ന പൊലിസ് വാഹനങ്ങള്‍ സിനിമയ്ക്കു വേണ്ടി വാഹനങ്ങള്‍ സപ്‌ളൈ ചെയ്യുന്നവരുടെ കൈവശം ഉള്ളവയാണ്. ഇവ ഷൂട്ടിങ്ങില്‍ അല്ലാത്ത സമയം ഓടുന്നതു പോലും പൊലിസ് ലിവെറി മറച്ചതിനു ശേഷമായിരിക്കും. അല്ലാത്തപക്ഷം പിടിക്കപ്പെട്ടാല്‍ അത് ആള്‍മാറാട്ടം പോലെ ഗുരുതരമായ കുറ്റമാണെന്നും കൂടി അറിയുക.
നമ്മുടെ നാട്ടില്‍ ആംബുലന്‍സിന് അതാത് ആശുപത്രികളുടെയോ ആംബുലന്‍സ് ഓപ്പറേറ്റര്‍ കമ്പനിയുടെയോ ലിവെറി ഉണ്ടാകാറുണ്ട്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന നിറങ്ങളും ലൈറ്റുകളും ആംബുലന്‍സിലുണ്ടാവണം എന്നത് നിയമപരമായ നിര്‍ദ്ദേശം തന്നെയാണ്. അത്തരം വാഹനങ്ങളില്‍ പോലും ഫ്‌ളാഷിങ്ങ് ലൈറ്റുകളല്ലാതെ ഹെഡ്‌ലൈറ്റിന്റെ നിരപ്പിനു മുകളില്‍ മറ്റ് ഓക്‌സിലറി ലാമ്പുകള്‍ അനുവദനീയമല്ല എന്ന കാര്യവും മനസ്സിലാക്കുക.
കസ്റ്റം ലിവെറി ആര്‍സി ബുക്കില്‍ രേഖപ്പെടുത്താനാവുമോ?
നിയമം അനുശാസിക്കുന്ന തരത്തിലുള്ള ലിവെറി/ഗ്രാഫിക്‌സ് തുടങ്ങിയവ നിശ്ചിത ഫോമില്‍ അപേക്ഷ വെച്ച് ഫീസ് അടച്ചാല്‍ നിയമവിധേയമാക്കാം. ഇതിനായി നിങ്ങളുടെ ലോക്കല്‍ ആര്‍ടിഓഫിസുമായി ബന്ധപ്പെട്ടാല്‍ മതിയാകും.