വിമന്‍ ഇന്‍ എന്‍ജിനീയറിങ് നേതൃസമ്മേളനത്തിന് തുടക്കം
എഞ്ചിനീയറിംഗ്, ബിസിനസ്സ്, കല, സാമൂഹികം എന്നീ വിവിധ മേഖലകളിലെ വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി സമ്മേളനം ഉദ്ഘാടനം ചെയ്തു
കൊച്ചി: ഐ ട്രിപ്പിള്‍ ഇ വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് (ഡബ്ല്യുഐഇ) കേരള ഘടകത്തിന്റെ ദ്വിദിന ഇന്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് തിരുവനന്തപുരം കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആരംഭിച്ചു.ഐ ട്രിപ്പിള്‍ ഇ വിമന്‍ ഇന്‍ എഞ്ചിനീയറിങ്ങിന്റെ 20ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എഞ്ചിനീയറിംഗ്, ബിസിനസ്സ്, കല, സാമൂഹികം എന്നീ വിവിധ മേഖലകളിലെ വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്ത്രീശാക്തീകരണത്തിന് ലോകത്തിന് മാതൃകയും വഴികാട്ടിയുമായി നിന്ന ചരിത്രം സംസ്ഥാന രൂപീകരിക്കപ്പെടുന്നതിന് മുമ്പുതന്നെ നമുക്കുണ്ടെന്ന് ഗൗരി ലക്ഷ്മി ബായി പറഞ്ഞു.1817ല്‍, തിരുവിതാംകൂറിലെ റീജന്റ് റാണി ഗൗരി പാര്‍വതി ബായി സാര്‍വത്രിക വിദ്യാഭ്യാസത്തിനായുള്ള രാജ വിളംബരം പുറപ്പെടുവിച്ചു, അതിലൂടെ എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന ലോകത്തിലെ ആദ്യത്തെ സര്‍ക്കാരായി തിരുവിതാംകൂര്‍ മാറിയിരുന്നുവെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു
1920 കളില്‍ മഹാറാണി സേതു ലക്ഷ്മി ബായി സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുകയും ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ബിരുദധാരിയായ ഡോ. മേരി പൂനെന്‍ ലൂക്കോസിനെ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗമായി അവര്‍ നാമനിര്‍ദ്ദേശം ചെയ്തു. തിരുവിതാംകൂറിലെ ഫെമിനിസം എന്ന അടിക്കുറിപ്പോടെയാണ് മദ്രാസ് മെയില്‍ അന്ന് ഇത് റിപ്പോര്‍ട്ട് ചെയ്തത്.പെണ്‍കുട്ടികളുടെ നിയമം പഠനത്തിന് പ്രത്യേക പ്രോത്സാഹനവും നല്‍കി. മിസ് അന്ന ചാണ്ടി ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായി.ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍ പി കെ ത്രേസ്യയും കേരളത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
'ശാക്തീകരണം, നേതൃത്വം, സമത്വം' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വനിതാ സംരംഭകരെയും പ്രഫഷണലുകളെയും ശക്തിപ്പെടുത്തുക, സ്ത്രീ സംരംഭങ്ങളുടെ വിജയകരമായ മാതൃകകള്‍ രൂപകല്‍പന ചെയ്യുക എന്നിവയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഐ ട്രിപ്പിള്‍ ഇ കേരള ചെയര്‍ ഡോ.മിനി ഉളനാട്ട് പറഞ്ഞു.ഐഇഇഇ കേരള ചെയര്‍ ഡോ.മിനി ഉളനാട്ട്, പ്രോഗ്രാം ചെയര്‍ ബിജുന കുഞ്ഞ്, ജനറല്‍ ചെയര്‍ ശാരദ ജയകൃഷ്ണന്‍, കമ്മിറ്റി ചെയര്‍ ജെനിഫര്‍ കാസ്റ്റിലോ, സുരേഷ് നായര്‍, ദാമോദരന്‍ വി കെ, രാമലത മാരിമുത്തു, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ മീനാക്ഷി കെ എന്നിവര്‍ സംസാരിച്ചു.നാനാത്വവും ലിംഗസമത്വവും എന്ന പ്രധാന വിഷയത്തില്‍ ആദ്യ ദിവസം പാനല്‍ ചര്‍ച്ച നടന്നു. ഗീതിക ടണ്ടന്‍, മാധുരി ദേവി മാധവന്‍ പിള്ള, സരസ്വതി നാഗരാജന്‍, ആദം ഹാരി, ഗോകുല്‍ എസ് സംസാരിച്ചു.ആന്ധ്രപ്രദേശ് റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനി ഫെറര്‍, 'പരിചരണത്തിലൂന്നിയ മാറ്റം ' എന്ന വിഷയത്തില്‍ പ്ലീനറി സെഷന്‍ നയിച്ചു.
തൊഴിലും സംരംഭകത്വവും, നേതൃത്വവും ശാക്തീകരണവും, ഇന്നൊവേഷന്‍, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യ, ആരോഗ്യവും ക്ഷേമം, തൊഴിലും ജീവിതവും, മാനവികതയ്ക്കുള്ള സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ രണ്ടു ദിവസങ്ങളിലായി ചര്‍ച്ച നടക്കും. പത്മശ്രീ ലക്ഷ്മി കുട്ടി അമ്മ, തിരുവനന്തപുരം സബ് കലക്ടര്‍ മാധവിക്കുട്ടി എംഎസ് ഐഎഎസ്, സയന്റിസ്റ്റ്ഡിആര്‍ഡിഒ എന്‍പിഒഎല്‍ ഡോ.രമീത കെ, സോഷ്യല്‍ എന്റര്‍പ്രണര്‍ വാണി മൂര്‍ത്തി, പെയിന്റര്‍ സ്വപ്ന അഗസ്റ്റിന്‍, ഐ ട്രിപ്പിള്‍ ഇ മനുഷ്യാവകാശ പ്രവര്‍ത്തന ഇന്‍ ചാര്‍ജ് സമ്പത്ത് കുമാര്‍ വീരരാഘവന്‍, ലത ചമ്പ്ര കാലം, പ്രോഡക്ട് ഡിസൈനര്‍ പ്രിയങ്ക ചന്ദ്രന്‍, ലീഗല്‍ കണ്‍സള്‍ട്ടന്റ് നിധിയ ജയരാമന്‍ എന്നിവര്‍ ആദ്യ ദിവസം സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.