വിറക് ശേഖരിക്കാന്‍ പോയ ആദിവാസി സംഘത്തെ കാട്ടാന ആക്രമിച്ചു; സ്ത്രീ കൊല്ലപ്പെട്ടു
കല്‍പറ്റ: വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി സംഘത്തെ കാട്ടാന ആക്രമിച്ചു. ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്തി ബൈരി ദമ്പതികളുടെ മകള്‍ ബസവി ( ശാന്ത 49 ) ആണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു നാലു പേര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
വീടിന് തൊട്ടടുത്ത നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനാതിര്‍ത്തിയിലുണ്ടായിരുന്ന ഒറ്റയാന്റെ മുന്‍പില്‍ ഇവര്‍ പെടുകയായിരുന്നു. ആനയില്‍ നിന്നും രക്ഷപ്പെടുവാന്‍ ഓടിയെങ്കിലും ശാന്ത വീണു പോയി. രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ആന ഇവരെ പിടികൂടി. സംഭവസ്ഥലത്തുതന്നെ ശാന്ത മരിച്ചു. മൃതദേഹത്തിന് സമീപം ഏറെനേരം നിലയുറപ്പിച്ച ഒറ്റയാനെ കോളനിവാസികള്‍ ചേര്‍ന്ന് ശബ്ദമുണ്ടാക്കി പിന്മാററുകയായിരുന്നു.
വനംവകുപ്പ് പുല്‍പ്പള്ളി റേഞ്ചര്‍ അബ്ദുള്‍ സമദ്, ഡെ. റേഞ്ചര്‍ ഇക്ബാല്‍, സെക്ഷന്‍ ഫോറസ്റ്റര്‍ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബൈരന്‍, ചന്ദ്രന്‍, കൂമന്‍, ഷീബ, മാളു, അമ്മിണി എന്നിവര്‍ സഹോദരരാണ്.