മണ്ണാര്‍ക്കാട്: അട്ടപ്പാടി വീട്ടിക്കുണ്ടില്‍ കഴിഞ്ഞ 19ന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ നാട്ടുകല്‍ സ്വദേശി ഷിന്‍ ഷാജുദ്ദീനെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ ഷോളയൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
കോട്ടത്തറ സ്വദേശി നൗഷാദ്, തെങ്കര സ്വദേശി ഫസല്‍, വല്ലപ്പുഴ സ്വദേശികളായ മുജീബ്, അബ്ദുല്‍ സലാം എന്നിവരാണ് അറസ്റ്റിലായത്. മരിച്ച യുവാവിനോടൊപ്പം ഉണ്ടായിരുന്നവരാണ് ഇവര്‍. യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടാത്തതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്.
ചന്ദന മോഷണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ സ്ഥലത്തെത്തിയതെന്നു പൊലിസ് പറഞ്ഞു. റോഡില്‍ കാട്ടാനയെ കണ്ടു സംഘം ഓടിയെങ്കിലും ഷിന്‍ ഷാജുദ്ദീനെ കാട്ടാന കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട മറ്റുള്ളവര്‍ യുവാവിന്റെ മൊബൈല്‍ ഫോണുകളും പണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് കൈവശപ്പെടുത്തിയിരുന്നു. ഫോണുകള്‍ തമിഴ്‌നാട്ടില്‍ വിറ്റതു പൊലിസ് കണ്ടെത്തി.
പണം കൈക്കലാക്കി വസ്ത്രങ്ങളും ബാഗും കത്തിച്ചതായി പ്രതികള്‍ മൊഴി നല്‍കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ വിനോദ് കൃഷ്ണന്‍, എസ്‌ഐ സി.എം. അബ്ദുല്‍ ഖയ്യും, രാകേഷ്, അനില്‍ മാത്യു, സിപിഒ അന്‍വര്‍, മണിയന്‍, ശ്രീദേവി എന്നിവരാണ് കേസന്വേഷിച്ചത്.