കാട്ടുമുന്തിരി എന്ന വള്ളിമാങ്ങ; നാമാവശേഷമാകുന്ന സസ്യവര്‍ഗ്ഗം
വള്ളിമാങ്ങയുടെ തണ്ടുകളും ഇലയും ഔഷധ ഗുണമുള്ളതാണ്. ഇത് ആദിവാസി പാരമ്പര്യ വൈദ്യന്‍മാര്‍ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്.
നാട്ടില്‍ മാങ്ങക്കാലം കഴിയുന്നതോടെയാണ് വള്ളിമാങ്ങ കായ്ച്ചു തുടങ്ങുന്നത്. ഉയരമുള്ള പ്രദേശങ്ങളിലും ഉള്‍വനങ്ങളിലും അപൂര്‍വ്വമായി നാട്ടിന്‍പുറങ്ങളിലും കാണപ്പെടുന്ന ചെടിയാണ് വള്ളിമാങ്ങ. കാടന്‍ മുന്തിരി, കാട്ടുമുന്തിരി, ഞെരിഞന്‍ പുളി, ചെറുവള്ളിക്കായ, കരണ്ട വള്ളി, ചെമ്പ്ര വള്ളി, വലിയ പീരപ്പെട്ടിക്ക, കുളമാങ്ങ എന്നൊക്കെ ഇതിന് പല പേരുകളും പറയാറുണ്ട്.
പടര്‍ന്ന് വളരുന്ന വള്ളികളില്‍ കുലകളായി കായ്ക്കുന്നു. പൂക്കള്‍ വിരിയുമ്പോള്‍ ഇളം മെറൂണ്‍ നിറവും കായ്കള്‍ പഴുക്കമ്പോള്‍ പഴുക്കാത്ത മുന്തിരി കുലയുടെ നിറവുമായിരിക്കും. ഒരു കുലയില്‍ ചിലപ്പോള്‍ ഒരു കിലോ വരെ കായ്കള്‍ ഉണ്ടാകും.പഴുത്ത വള്ളിമാങ്ങ മുന്തിരിക്കുല പോലെയിരിക്കും. പേരില്‍ മാങ്ങയുണ്ടെങ്കിലും മുന്തിരി കുടുംബമായ Ampelocissus Latifolia എന്ന ശാസ്ത്രീയ കുടുംബത്തിലാണ് ഇതും ഉള്‍പ്പെടുന്നത്. വൈല്‍ഡ് ഗ്രേപ് ,ജംഗിള്‍ ഗ്രേപ് വൈന്‍ എന്നൊക്കെ വിദേശികളും ഇതിന് പേരിട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലാണ് വള്ളിമാങ്ങ കൂടുതലായി കാണപ്പെടുന്നത്. നിലമ്പൂരിനടുത്തുള്ള നെടുങ്കയം വനത്തിലും കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് വേലൂട മലയിലും വള്ളിമാങ്ങ കാണാനാവും. ആദിവാസികള്‍ ഭക്ഷണാവശ്യത്തിനും മരുന്നിനും ഇവ ഉപയോഗിക്കാറുണ്ട്.
വള്ളിമാങ്ങയുടെ തണ്ടുകളും ഇലയും കായ്കളും ഔഷധ ഗുണമുള്ളതാണ്. ഇത് ആദിവാസി പാരമ്പര്യ വൈദ്യന്‍മാര്‍ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. ചെടിയുടെ വേരും ചില രോഗങ്ങള്‍ക്ക് ഒറ്റമൂലിയാണ്. സന്ധിവേദന, അസ്ഥിവേദന, വയറുവേദന , ന്യൂമോണിയ എന്നിവക്കാണ് ഇത് ഔഷധമായി ഉപയോഗിക്കുന്നത്. പഴുത്ത കായ്കള്‍ക്ക് പുളിരസമാണ്. കായ്കള്‍ കൂടുതലായി അച്ചാറിനാണ് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിലെ ആദിവാസികള്‍ വള്ളി മാങ്ങയെ ചൊറിയന്‍ പുളി എന്നും വള്ളിയെ അമര്‍ച്ച കൊടി എന്നും വിളിക്കാറുണ്ട്. ഇന്ത്യ കൂടാതെ പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വള്ളി മാങ്ങ കാണപ്പെടുന്നു.
ഒരു കാലത്ത് സാധാരണയായി കാണപ്പെട്ടിരുന്ന സസ്യവര്‍ഗ്ഗമാണ് വള്ളിമാങ്ങ. എന്നാല്‍ ഇപ്പോഴിത് അപൂര്‍വ്വമായിട്ടാണ് കാണപ്പെടുന്നത്. ഇത്തരമൊരു സസ്യത്തെ കുറിച്ച് പലര്‍ക്കും അറിയുകയുമില്ല. നാമാവശേഷമായ പല സസ്യവര്‍ഗ്ഗങ്ങളെയും പോലെയാണ് വള്ളിമാങ്ങയും ഇല്ലാതെയായി കൊണ്ടിരിക്കുന്നത്.