പ്രായക്കുറവ് ഗുണം ചെയ്യുമോ? ട്വിറ്ററിന്റെ പരാഗ് അഗര്‍വാള്‍ ലോകത്തെ 500 മുന്‍നിര കമ്പനികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ

Update: 2021-11-30 03:59 GMT

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററിന്റെ പുതിയ സിഇഓ പരാഗ് അഗര്‍വാള്‍ ലോകത്തെ 500 മുന്‍നിര കമ്പനികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി മേധാവി. ട്വറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി രാജിവച്ച ഒഴിവിലാണ് 37കാരനായ അഗര്‍വാള്‍ സ്ഥാനമേല്‍ക്കുന്നത്. 

മെറ്റ പ്ലാറ്റ്‌ഫോം ഇന്‍ഡസ്ട്രീസ് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഏകദേശം അതേ പ്രായമാണ് അഗര്‍വാളിനും. അഗര്‍വാളിന്റെ ജനനത്തിയതി ട്വിറ്റര്‍ പുറത്തുവിട്ടിട്ടില്ല. 

സുക്കര്‍ബര്‍ഗിന്റെ ജനനത്തിയ്യതി 1984 മെയ് 14ആണ്. പുറത്തുപോകുന്ന സിഇഒ ഡോര്‍സെക്ക് 45 വയസ്സുണ്ട്. യുഎസ് കമ്പനികളില്‍ ഏറ്റവും പ്രായം കുറഞ്ഞവരിലൊരാളാണ് ജാക്ക് ഡോര്‍സെ. 

ഇത്തരം കമ്പനികളില്‍ പ്രായം വലിയ ഘടകമല്ലെന്ന നിലപാടിലാണ് പല മാനേജ്‌മെന്റ് വിദഗ്ധരും. സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ പ്രഫസര്‍ പ്രഫസര്‍ ഡേവിഡ് ലാര്‍ക്കര്‍ ആ നിലപാടുകാരനാണ്. 

''പ്രായം ഗുണകരമായേക്കാമെങ്കിലും ഇത്തരം കമ്പനികളില്‍ അത് വലിയ കാര്യമൊന്നുമല്ല''- പ്രഫസര്‍ ലാര്‍ക്കര്‍ പറഞ്ഞു. സിഇഒമാരെക്കുറിച്ച് പഠനം നടത്തുന്നയാളാണ് പ്രഫസര്‍ ലാര്‍ക്കര്‍. മുന്‍ സിഇഒ ഡോര്‍സെ ബോര്‍ഡില്‍ നിന്ന് പുറത്തുപോവുകയാണ്. അതുകൊണ്ട് അഗര്‍വാള്‍ ഒരു നിഴല്‍ സിഇഒ ആവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മുന്‍നിരക്കമ്പനികളില്‍ ഏറ്റവും പ്രായം കൂടിയ സിഇഒ ബെര്‍ക്‌ഷെയര്‍ ഹാത് വെ ഇന്‍ഡസ്ട്രീസ് സിഇഒ വാറന്‍ ബുഫെയാണ്. അദ്ദേഹത്തിന് 91 വയസ്സാണ്. ബ്ലൂംബെര്‍ഗ് ഡാറ്റയനുസരിച്ച് സാധാരണ സിഇഒമാരുടെ ശരാശരി പ്രായം 50 വയസ്സാണ്. 

സാധാരണ പ്രായം കുറഞ്ഞവരെ സിഇഒമാരാക്കാന്‍ കമ്പനികള്‍ താല്‍പ്പര്യപ്പെടാറില്ലെന്നാണ് ഇതേ കുറിച്ച് പഠിക്കുന്നവര്‍ പറയുന്നത്. പല കമ്പനികളും അവരുടെ പ്രായം വര്‍ധിപ്പിക്കുന്നതായാണ് കാണുന്നത്. പ്രായം കൂടുമ്പോള്‍ പക്വതയും മികവും വര്‍ധിക്കുമെന്നാവാം കാഴ്ചപ്പാട്. 

2011ല്‍ ട്വിറ്ററില്‍ ചേര്‍ന്ന പരാഗ് അഗര്‍വാള്‍ പരസ്യ വിഭാഗത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു. പിന്നീട് ടെക്‌നോളജി ചീഫ് ആയി നിയമിതനായി. 2022 വരെ ഡോര്‍സെ ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിലുണ്ടാവും. താമസിയാതെ പരാഗ് ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാവും. 

സാധാരണ 500 മുന്‍നിര കമ്പനി ഡയറക്ടര്‍മാരുടെ പ്രായം 63 ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

തിങ്കളാഴ്ച വൈകീട്ടാണ് പരാഗ് അഗര്‍വാളിനെ സിഇഒ ആയി ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. മുംബൈ ഐഐടിയില്‍ ബിരുദം പൂര്‍ത്തിയാക്കി സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് പിഎച്ച്ഡിയെടുത്തയാളാണ് അഗര്‍വാള്‍. 

Similar News