മെഡിക്കല്‍ കോളജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം; കുടിശ്ശിക ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ മരുന്ന് വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം. കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും മരുന്ന് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നും വിതരണക്കാര്‍ അറിയിച്ചു. കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് തന്നെ അനുവദിക്കും.കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ കുടിശ്ശികയുടെ പകുതി ഈ മാസം 22ന് ലഭിക്കും. ഈ മാസം 31 നുള്ളില്‍ 2023 ലെ മുഴുവന്‍ കുടിശ്ശികയും ലഭിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് വിതരണക്കാര്‍ മരുന്ന് നല്‍കാമെന്ന് സമ്മതിച്ചത്.
മെഡിക്കല്‍ കോളജില്‍ മരുന്ന് വിതരണം പ്രതിസന്ധിയിലായിട്ട് ഒരാഴ്ചയിലേറെയായി. മരുന്നില്ലാതെ ഫാര്‍മസി പൂട്ടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ല. സര്‍ക്കാര്‍ അനുകൂല നടപടി എടുക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വിതരണം മുടക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിതരണക്കാരുടെ യോഗം വിളിച്ചു. ജീവന്‍ രക്ഷാ മരുന്ന് വിതരണക്കാരും സ്റ്റന്റ് വിതരണക്കാരും യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിലാണ് കുടിശ്ശിക തുക വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്.