കോണ്‍ഗ്രസ് അധികാരത്തില്‍ വരട്ടെ; മുന്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാമെന്ന് യുവാവ് കോടതിയില്‍
ഭോപ്പാല്‍: കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയിലൂടെ ലഭിക്കുന്ന തുകകൊണ്ട് മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ജീവനാംശം നല്‍കിക്കൊള്ളാമെന്ന് അഭിനേതാവായ യുവാവ് കോടതിയില്‍. ഇന്‍ഡോറിലെ കുടുംബകോടതിയിലാണ് ആനന്ദ് ശര്‍മ എന്ന ടിവി സീരിയല്‍ അഭിനേതാവ് ഇത്തരത്തിലുള്ള വാദം മുന്നോട്ടുവച്ചത്. രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതിയെപ്പറ്റി കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കൗതുകകരമായ സംഭവം.
ആനന്ദ് ശര്‍മയുടെ മുന്‍ ഭാര്യയ്ക്ക് 3000 രൂപവീതവും മകള്‍ക്ക് 1500 രൂപവീതവും ജീവനാംശം നല്‍കണമെന്ന് കോടതി മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍, നിലവില്‍ തനിക്ക് ജോലിയിലൂടെ ലഭിക്കുന്ന പണം മാതാപിതാക്കളെ നോക്കാന്‍ പോലും തികയുന്നില്ലെന്ന് കാണിച്ചാണ് ശര്‍മ കോടതിയെ സമീപിച്ചത്. തനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കരുതെന്ന് അഭ്യര്‍ഥിച്ച
ശര്‍മ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി പ്രകാരം ലഭിക്കുന്ന 6000 രൂപയില്‍നിന്ന് 4500 രൂപ മകള്‍ക്കും മുന്‍ ഭാര്യയ്ക്കും ജീവനാംശമായി നല്‍കിക്കൊള്ളാമെന്നും ഹരജി നല്‍കുകയായിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഏപ്രില്‍ 29ന് വിഷയം പരിഗണിക്കുമെന്ന് ശര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു.