ലോക്ക്‌ ഡൗണ്‍: പട്ടിണിയിലും പോലിസ് അതിക്രമത്തിലും വലഞ്ഞ് ഡല്‍ഹി ഹനുമാന്‍ ക്ഷേത്രത്തിലെ നൂറുകണക്കിന് ഭിക്ഷാടകര്‍

Update: 2020-03-31 05:08 GMT

ന്യൂഡല്‍ഹി: ലോക്ക്‌ ഡൗണ്‍ സമൂഹത്തിലെ എല്ലാ തരക്കാരെയും ബാധിച്ചിട്ടുണ്ടെങ്കിലും ഭിക്ഷാടകരെക്കാളും ജീവിതം ദുരിതത്തിലായവര്‍ മറ്റാരുമുണ്ടാവില്ല. ഡല്‍ഹി കോണാട്ട് പ്ലയ്‌സിലെ ഹനുമാന്‍ ക്ഷേത്രത്തിലെ ഭിക്ഷാടകര്‍ക്ക് നിരോധനാജ്ഞ സമ്മാനിച്ചത് പട്ടിണിയുടെയും ഭീതിയുടെയും നാല് ദിനങ്ങളാണ്. ക്ഷേത്രത്തിലെ ഭക്ഷണം കഴിച്ച് ഇവിടെത്തന്നെ കഴിഞ്ഞുകൂടിയിരുന്ന ഭിക്ഷാടകര്‍ക്ക് പോകാന്‍ മറ്റൊരിടവുമില്ല. പക്ഷേ, അക്കാര്യം പോലിസ് അംഗീകരിക്കുന്നില്ല. പോലിസുകാര്‍ ഇവരെ എപ്പോള്‍ കണ്ടാലും തല്ലിയോടിക്കും. ഈ ആക്രമണങ്ങളില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നാല് ദിവസമായി ആരാധനയ്ക്കായി ഭക്തരൊന്നും എത്താത്തതിനാല്‍ ഇവര്‍ക്ക് പണവും ക്ഷേത്രമടച്ചതിനാല്‍ ഇവിടത്തെ ഭക്ഷണവും ലഭിക്കുന്നില്ല.


സര്‍ക്കാര്‍ പൊതുഭക്ഷണശാലകള്‍ തുറന്നിട്ടുണ്ടെങ്കിലും അതൊന്നും പര്യാപ്തമല്ല. ഇവരില്‍ പലരും ഇപ്പോഴും ഒഴിഞ്ഞവയറുമായി ജീവിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തകര്‍ വല്ലപ്പോഴും എത്തിക്കുന്ന ഭക്ഷണമാണ് പിന്നെയുള്ള ആശ്രയം. അതും പര്യാപ്തമല്ല.

രാത്രിയില്‍ ഇവിടെ കഴിഞ്ഞുകൂടുന്നവരെ പോലിസ് എത്തി സ്ഥിരം തല്ലിയോടിക്കുന്നതുകൊണ്ട് ഇവരുടെ ജീവിതം നരകമായിത്തീര്‍ന്നു.

ബിഹാറില്‍ നിന്നെത്തിയ ഒരു സ്ത്രീ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസമായി പട്ടിണിയിലാണ് ഇവര്‍.

പോലിസും അധികാരികളും ഇവര്‍ക്ക് ആരോഗ്യവിദ്യാഭ്യാസവും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനും പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, പോകാന്‍ ഇടമില്ലാത്തതുകൊണ്ട് അതൊന്നും അവര്‍ക്ക് പ്രാവര്‍ത്തികമാക്കാനായിട്ടില്ല.


Tags:    

Similar News