മധ്യപ്രദേശിൽ യുവതിയെ വിവസ്ത്രയാക്കി പൊതുമധ്യത്തിൽ പരേഡ്; നാല് സ്ത്രീകൾ പിടിയിൽ

Update: 2024-03-27 12:17 GMT

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ മുപ്പത് വയസുകാരിയെ മര്‍ദിച്ച് വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ് നടത്തിയ സംഭവത്തില്‍ നാല് സ്ത്രീകള്‍ പിടിയില്‍. ഇന്‍ഡോറില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഹോളി ദിനത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഗൗതംപുര പോലിസ് സ്‌റ്റേഷനില്‍ പരിധിയിലെ ബച്ഛോറ ഗ്രാമത്തിലെ നിവാസിയായ സ്ത്രീയെ സംഘം വീട്ടിലെത്തി വിളിച്ചിറക്കിയ ശേഷം പൊതുമധ്യത്തില്‍ വെച്ച് മര്‍ദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നുവെന്ന് ഗൗതംപുര പോലിസ് സുപ്രണ്ട് സുനില്‍ മെഹ്ത പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്. സംഭവദിവസം തന്നെ പ്രദേശം സന്ദര്‍ശിച്ചിരുന്നുവെന്നും യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയതായും മെഹ്ത കൂട്ടിച്ചേര്‍ത്തു.

പ്രതികളിലൊരാളുടെ ഭര്‍തൃമാതാവുമായി ആക്രമിക്കപ്പെട്ട യുവതി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും ഇത് പ്രതിയും മാതാവും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നുവെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

Tags:    

Similar News