മാനന്തവാടി: സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുമ്പോഴും അതിനെ നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് സമൂഹം സ്വീകരിക്കുന്നതെന്നും പ്രതിരോധത്തിനും ശാക്തീകരണത്തിനും സ്ത്രീസമൂഹം സ്വയം വഴികള്‍ കണ്ടെത്തണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ പറഞ്ഞു. മാനന്തവാടി വയനാട് സ്‌ക്വയറില്‍ നടന്ന ജില്ലാ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍തന്നെ ഇക്കാര്യത്തില്‍ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും.
രാജ്യത്ത് നടക്കുന്ന സ്ത്രീപീഡനങ്ങളുടെ ഒരംശം മാത്രമാണ് പുറത്തറിയുന്നത്. ശിക്ഷാ വിധിയിലുണ്ടാവുന്ന കാലതാമസവും ഇരകള്‍ തുടര്‍ന്നും വേട്ടയാടപ്പെടുന്നതുമാണ് പലരും പരാതിപ്പെടാതെ ഒതുങ്ങിക്കഴിയാന്‍ കരണം. സ്ത്രീസുരക്ഷ മുഖ്യ അജണ്ടയായി ഭരണകൂടവും പൊതുസമൂഹം ഏറ്റെടുക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതിയംഗം ഹസീന സലാം, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഡ്വ: കെ എ അയ്യൂബ് സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഫൈസ റസാഖ് റിപോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍: ജംഷീദ റിപ്പണ്‍ (പ്രസിഡന്റ്), നിഷ ജിനീഷ്, മൈമൂന കെല്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍). നുഫൈസ റസ്സാഖ് (ജനറല്‍ സെക്രട്ടറി), മുബീന തലപ്പുഴ, നിഷാന പീച്ചംകോട് (സെക്രട്ടറിമാര്‍), സുബൈദ ബത്തേരി ട്രഷറര്‍. ബബിത ശ്രീനു, സനൂജ കല്‍പ്പറ്റ, ആയിഷ വെള്ളമുണ്ട, നഫീസ മാനന്തവാടി കമ്മിറ്റി അംഗങ്ങള്‍.