വലിയൊരു പാറയിലാണ് കയറി ഒളിച്ചത്. ആന എത്ര ശ്രമിച്ചാലും പിടിക്കാന്‍ പറ്റാത്ത ഉയരത്തിലുള്ളതാണ് പാറ: വനത്തിലകപ്പെട്ട സ്ത്രീകള്‍

കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും രാത്രിയും പകലുമായി 14 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്

Update: 2024-11-29 05:43 GMT

കൊച്ചി: ജീവനോടെ വീട്ടിലെത്താന്‍ ദൈവത്തോട് പ്രാര്‍ഥിച്ച മണിക്കൂറുകള്‍. കുട്ടമ്പുഴ വനമേഖലയില്‍ കാണാതായ സ്ത്രീകള്‍ക്ക് ആ കഴിഞ്ഞ രാത്രി മറക്കാനാകില്ല. തങ്ങള്‍ അത്രക്കധികം പേടിച്ച ദിവസത്തെ കുറിച്ച് പറയുകയാണ് അവര്‍. ആനക്കൂട്ടത്തെ കണ്ട് വഴിമാറിനടന്നതിനാലാണ് വനത്തില്‍ കുടുങ്ങിയതെന്ന് എറണാകുളം കുട്ടമ്പുഴ വനമേഖലയില്‍ കാണാതായ സ്ത്രീകള്‍ പറയുന്നു.രാത്രിമുഴുവന്‍ പാറക്കെട്ടിന് മുകളിലാണ് കഴിച്ചുകൂട്ടിയതെന്നും അവര്‍ പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂവരും 14 മണിക്കൂറാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്

''ഞങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണ്. അതുകൊണ്ട് തന്നെ വഴിയൊക്കെ അറിയാം. എന്നാല്‍ ആനയെ കണ്ട് വഴി മാറി നടന്നതാണ് വഴി തെറ്റിച്ചത്. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലായിരുന്നു. രാത്രി മുഴുവനും ആന ഓടിക്കലും ഒച്ചപ്പാടുമൊക്കെയായിരുന്നു. ആന ഓടിച്ചിരുന്നു. ആന അടുത്ത് വന്നപ്പോള്‍ ഞങ്ങള്‍ മരത്തിന്റെ മറവില്‍ ഒളിച്ചു നിന്നു. ആന കാരണമാണ് തിരിച്ചുവരാന്‍ സാധിക്കാതിരുന്നത്. രാവിലെയാണ് ഞങ്ങളെ തിരഞ്ഞെത്തിയവരെ കണ്ടത്. വലിയ പേടിയോടെയാണ് രാത്രി കഴിച്ചു കൂട്ടിയത്. പശുവിനെ അന്വേഷിച്ച് പോയതായിരുന്നു. പക്ഷെ ഞങ്ങളെക്കാള്‍ മുന്‍പ് പശു വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല, പ്രാര്‍ഥിക്കുകയായിരുന്നു. വലിയൊരു പാറയിലാണ് കയറി ഒളിച്ചത്. ആന എത്ര ശ്രമിച്ചാലും പിടിക്കാന്‍ പറ്റാത്ത ഉയരത്തിലുള്ളതാണ് പാറ. പിന്നെ ഇരുട്ടും. തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും കാണാന്‍ സാധിക്കില്ലായിരുന്നു''സ്ത്രീകള്‍ പറഞ്ഞു.

കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും രാത്രിയും പകലുമായി 14 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അമ്പത് പേരടങ്ങുന്ന നാല് സംഘങ്ങളാണ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്. വനനിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു. പശുവിനെ കാണാതായതിനെ തുടര്‍ന്ന് ആദ്യം മായയാണ് വനത്തിലേക്ക് പോയത്. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. എന്നാല്‍, പിന്നീട് കാണാതായ പശു തിരികെയെത്തി. മൂന്നു സ്ത്രീകള്‍ തിരികെയെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ സഞ്ജീവ്കുമാര്‍, കുട്ടംമ്പുഴ സിഐ പി എ ഫൈസല്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Tags:    

Similar News