വനിതാ സംവരണം: ഇടതുപക്ഷ ലിസ്റ്റിൽ 15 ശതമാനം മാത്രം

Update: 2024-02-24 17:11 GMT

കൊച്ചി: വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനായി പാര്‍ലമെന്റില്‍ ആദ്യംമുതലേ നിലപാടുകള്‍ സ്വീകരിച്ച ഇടതുപാര്‍ട്ടികള്‍ കേരളത്തിലെ സ്വന്തം സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് 15 ശതമാനം വനിതകളെ മാത്രം. ഇരുപതുസീറ്റില്‍ മൂന്നെണ്ണംമാത്രമാണ് സിപിഎമ്മും സിപിഐയും ചേര്‍ന്ന് വനിതകള്‍ക്കായി ആകെ മാറ്റിവെച്ചിരിക്കുന്നത്.

പാര്‍ലമെന്റില്‍ പാസാക്കിയ 33 ശതമാനം വനിതാപ്രാതിനിധ്യം നടപ്പായിരുന്നെങ്കില്‍ ഏഴുസീറ്റ് വനിതകള്‍ക്കായി ഇടതുമുന്നണിക്ക് മാറ്റിവെക്കേണ്ടിയിരുന്നു. ഇത്തവണ സിപിഎമ്മിന് രണ്ടു വനിതാസ്ഥാനാര്‍ഥികളുണ്ട്. എറണാകുളത്ത് സാമുദായികതാത്പര്യംകൂടി പരിഗണിച്ചാണ് പിജെ ഷൈനിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം, വടകരയില്‍ ജയസാധ്യത പ്രധാനമാനദണ്ഡമായി കണ്ടാണ് മുന്‍മന്ത്രി കെ കെ ശൈലജയെ രംഗത്തിറക്കാന്‍ പോകുന്നത്.

മുതിര്‍ന്നനേതാവ് ആനിരാജയെ വയനാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സിപിഐ ഇക്കുറി പട്ടികയില്‍ വനിതാപ്രാതിനിധ്യം ഉറപ്പിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രണ്ടുസീറ്റ് മാത്രമാണ് സിപി.എം വനിതകള്‍ക്കായി മാറ്റിവെച്ചത്. കണ്ണൂരുനിന്ന് പികെ ശ്രീമതിയും പത്തനംതിട്ടയില്‍നിന്ന് വീണാജോര്‍ജുമായിരുന്നു അന്ന് മത്സരിക്കാനുണ്ടായിരുന്നത്. മൂന്നുമുന്നണികളിലുമായി ആറുവനിതകളാണ് അന്ന് മത്സരിച്ചത്. ഓരോ മുന്നണിയും രണ്ടുവനിതകളെവീതം രംഗത്തിറക്കിയപ്പോള്‍, ആലത്തൂരില്‍ മത്സരിച്ച യു.ഡി.എഫിലെ രമ്യാഹരിദാസിനു മാത്രമേ പാര്‍ലമെന്റിലെത്താന്‍ കഴിഞ്ഞുള്ളൂ.







Tags:    

Similar News