ഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്‍: 18 ദിവസത്തില്‍ തകര്‍ത്തത് 20 ടാങ്കുകള്‍
ലെബനാനില്‍ ഇതുവരെ 55 സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ബെയ്‌റൂത്ത്: ലെബനാനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈന്യത്തിന്റെ രണ്ടു മെര്‍ക്കാവ ടാങ്കുകള്‍ വ്യാഴാഴ്ച്ച തകര്‍ത്തതായി ഹിസ്ബുല്ല. അല്‍ ലബൂനെ പ്രദേശത്താണ് ടാങ്കുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. ടാങ്കുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും ഉള്ളിലുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടെന്നും ഹിസ്ബുല്ലയുടെ പ്രസ്താവന പറയുന്നു.
ഇതോടെ ഈ പ്രദേശത്ത് മാത്രം തകര്‍ത്ത മെര്‍ക്കാവ ടാങ്കുകളുടെ എണ്ണം നാലായി. സയണിസ്റ്റ് കരസേന അധിനിവേശം തുടങ്ങിയ ഒക്ടോബര്‍ ഒന്നിന് ശേഷം ഹിസ്ബുല്ല ഇതുവരെ 20 മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്തിട്ടുണ്ട്. നാലു സൈനിക ബുള്‍ഡോസറുകളും രണ്ടു നിരീക്ഷണ ഡ്രോണുകളും തകര്‍ത്തതായും ഹിസ്ബുല്ല വിശദീകരിച്ചു.
യുദ്ധം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതായി ഹിസ്ബുല്ല സൈനിക വക്താവ് അറിയിച്ചു. ഇതുവരെ 55 സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു. അതേസമയം, ഇസ്രായേലിന് 33 ദശലക്ഷം ഡോളറിന് തുല്യമായ തുകയുടെ ആയുധങ്ങള്‍ നല്‍കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗസയിലും ലെബനാനിലും ഉപയോഗിക്കാന്‍ വേണ്ട ബോംബുകളും തോക്കുകളും മറ്റുമാണ് നല്‍കുക.