യുപിയില്‍ തടവില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മലയാളി കുടുംബത്തെ ജയിലിലടച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2021-10-01 08:05 GMT

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കിടക്കുന്ന മകനെ കാണാന്‍ എത്തിയ മാതാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കേരള. രോഗിയും നിരപരാധിയുമായ മാതാവിനെയും കുടുംബത്തെയും മോചിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. 

യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന അന്‍സദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം യുപിയിലെ ജയിലിലെത്തിയത്. എന്നാല്‍ യുപി പോലിസ് സപ്തംബര്‍ 26ന് ഇവരെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്യിപ്പിച്ചു. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലിസിന്റെ ആരോപണം.

വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി ന്യായത്തിനൊപ്പം നില്‍ക്കുന്ന, സ്ത്രീകളുടെ കാര്യത്തില്‍ മികച്ച സംവിധാനം ഒരുക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും അവരെ മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ്, കേരള സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ വൃദ്ധരും രോഗികളുമാണ്. ആദ്യം തടവുകാരെ കാണാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച ജയിലധികൃതര്‍ പിന്നീട് വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു. പതിനാല് ദിവസത്തേക്കാള്‍ കോടതി എല്ലാവരെയും റിമാന്‍ഡ് ചെയ്തത്. 

Tags:    

Similar News