മുംബൈ: വയനാട് മാനന്തവാടി സ്വദേശിനി സജന സജീവിലൂടെ വനിതാ പ്രിമിയര്‍ ലീഗ് താരലേലത്തില്‍ കേരളത്തിനും തിളക്കം. ഓള്‍റൗണ്ടറായ സജനയെ 15 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീം സ്വന്തമാക്കിയതോടെ വനിതാ പ്രിമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ മലയാളത്തിന്റെ പ്രാതിനിധ്യം രണ്ടായി. സജനയുടെ സഹതാരവും നാട്ടുകാരിയുമായ മിന്നു മണി കഴിഞ്ഞവര്‍ഷത്തെ ലേലത്തിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിയിരുന്നു. വനിതാ പ്രിമിയര്‍ ലീഗ് രണ്ടാം സീസണ് മുന്നോടിയായി ഇന്നലെ മുംബൈയില്‍ നടന്ന ലേലത്തില്‍ 4 മലയാളി താരങ്ങള്‍ അണിനിരന്നെങ്കിലും ടീമില്‍ ഇടംപിടിച്ചത് സജന സജീവന്‍ മാത്രമാണ്. പഞ്ചാബ് സ്വദേശിനിയായ ഇന്ത്യന്‍ ആഭ്യന്തര താരം കശ്‌വീ ഗൗതമും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അന്നബെല്‍ സതര്‍ലന്‍ഡും (2 കോടി വീതം) ലേലത്തിലെ വിലയേറിയ താരങ്ങളായി.
മാനന്തവാടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റെയും മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശാരദയുടെയും മകളാണ് സജന. കുറിച്യ ഗോത്ര വിഭാഗക്കാരിയായ സജനയുടെ വീട് മാനന്തവാടി ഒണ്ടയങ്ങാടിയില്‍ മിന്നു മണിയുടെ വീടിന് 4 കിലോമീറ്റര്‍ മാത്രം അകലെയാണ്. കഴിഞ്ഞ 9 വര്‍ഷമായി കേരള ടീമില്‍ സ്ഥിരാംഗമായ താരം 2018ല്‍ അണ്ടര്‍ 23 ദേശീയ ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായി. കഴിഞ്ഞവര്‍ഷം ചാലഞ്ചര്‍ ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണമേഖലാ ടീമിനെയും നയിച്ചു.
ക്രിക്കറ്റിലേക്കു വൈകിയെത്തിയ താരമാണ് സജന സജീവന്‍. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മാത്രം ക്രിക്കറ്റ് പരിശീലനം ആരംഭിച്ച പെണ്‍കുട്ടി അതിനു മുന്‍പേ അത്ലറ്റിക്‌സിലും ഫുട്‌ബോളിലും മികവു തെളിയിച്ചിരുന്നു. അത്‌ലറ്റിക്‌സില്‍ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ജാവലിന്‍ത്രോയില്‍ നാലാംസ്ഥാനം നേടിയപ്പോള്‍ ഫുട്‌ബോളില്‍ കേരള സീനിയര്‍ ടീം ജഴ്‌സിയണിഞ്ഞു. മിന്നു മണിയിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തിയ മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എത്സമ്മയാണ് സജനയെയും ക്രിക്കറ്റിലേക്കു വഴി തിരിച്ചുവിട്ടത്.
ഇന്നലെ നടന്ന ലേലത്തില്‍ 10 ലക്ഷം രൂപയായിരുന്നു സജനയുടെ അടിസ്ഥാന വില. മിന്നു മണിയുടെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സാണ് ആദ്യം സജനയ്ക്കായി കളത്തിലിറങ്ങിയത്. തുടര്‍ന്ന് ലേലത്തുക 15 ലക്ഷം രൂപയായി ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ് സജനയെ സ്വന്തമാക്കുകയായിരുന്നു.