വനിതാ ഐപിഎല്‍; ബേത് മൂണിയുടെ വിക്കറ്റുമായി സജന സജീവന്‍; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

Update: 2024-03-09 18:03 GMT

ന്യൂഡല്‍ഹി: വനിതാ ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിര്‍ണായക വിക്കറ്റ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം സജന സജീവന്‍. ഗുജറത്താ ജയന്റ്സിനെതിരായ മത്സരത്തില്‍ ബേത് മൂണിയുടെ (66) നിര്‍ണായക വിക്കറ്റാണ് സജന വീഴ്ത്തിയത്. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഗുജറാത്ത് മൂണി - ദയാലന്‍ ഹേമലത (40 പന്തില്‍ 70) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്.

ഇരുവരും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോഴാണ് സജന അവതരിച്ചത്. തുടക്കത്തില്‍ തന്നെ ഗുജറാത്തിന് ലൗറ വോള്‍വാട്ടിന്റെ (13) വിക്കറ്റ് നഷ്ടമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ 18 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് മൂണി - ഹേമലത സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 14-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ സജന മൂണിയെ ബൗള്‍ഡാക്കി അപകടകരമായ കൂട്ടുകെട്ട് പൊളിച്ചു. പുറത്താവുമ്പോള്‍ 35 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും നേടിയിരുന്നു മൂണി. ഒരോവറില്‍ 11 റണ്‍സാണ് സജന വിട്ടുകൊടുത്തത്.

മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ്് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (48 പന്തില്‍ പുറത്താവാതെ 95) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഗുജറാത്ത് ജെയന്റ്സിന് മറുപടിയുണ്ടായിരുന്നില്ല. മറുപടി ബാറ്റിങില്‍ മുംബൈ 19.4 പന്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി മുംബൈ ഒന്നാമതെത്തി. ആറില്‍ അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട ഗുജറാത്ത് അവസാന സ്ഥാനത്താണ്. ജയത്തോടെ മുംബൈ പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്തു.



കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് മുംബൈ തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ യസ്തിക ഭാട്ടിയ (36 പന്തില്‍ 49), ഹെയ്ലി മാത്യൂസ് (21 പന്തില്‍ 19) സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മാത്യൂസിനെ തനുജ കന്‍വര്‍ പുറത്താക്കി. തുടര്‍ന്നെത്തിയ നതാലി സ്‌കിവര്‍ക്കും (2) തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 57 എന്ന നിലയിലായി മുംബൈ. എന്നാല്‍ നാലാം വിക്കറ്റില്‍ യസ്തിക - ഹര്‍മന്‍ സഖ്യം 41 റണ്‍സ് ചേര്‍ത്തു. 14-ാം ഓവറിലാണ് യസ്തിക മടങ്ങുന്നത്. പിന്നീട് ഹര്‍മന്‍പ്രീതിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അമേലിയ കേറിനെ (12) ഒരറ്റത്ത് നിര്‍ത്തി ഹര്‍മന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് സിക്സും പത്ത് 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹര്‍മന്റെ ഇന്നിംഗ്സ്.








Tags:    

Similar News