വനിതാ ഐപിഎല്‍; ആര്‍സിബി-ഡിസി ഫൈനല്‍; ബെംഗളൂരുവിനെ തുണച്ചത് മലയാളി താരം ആശാ ശോഭനയുടെ ബൗളിങ്

Update: 2024-03-15 18:42 GMT

ന്യൂഡല്‍ഹി: വനിതാ ഐപിഎല്ലില്‍ മലയാളി താരങ്ങളുടെ മികവ് തുടരുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ സജന സജീവിന് പോലെ തന്നെ ഇന്ന് എലിമിനേറ്ററില്‍ മറ്റൊരു താരം കസറിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരമായ ആശാ ശോഭനയാണ് ഇന്ന് ആര്‍സിബി വിജയത്തില്‍ നിര്‍ണ്ണായകമായത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തിലെ അവസാന ഓവറില്‍ പന്തെറിഞ്ഞത് ആശയാണ്. ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് ആറ് റണ്‍സ് മാത്രമാണ് നേടാനായത്. ആറ് റണ്‍സ് വിട്ടുകൊടുത്ത് മിന്നും ബൗളിങ് കാഴ്ച വച്ച ആശയാണ് ആര്‍സിബിക്ക് ജയമൊരുക്കിയത്.


നേരത്തെ യുപി വാരിയേഴ്‌സിനെതിരേ അഞ്ച് വിക്കറ്റ് നേടിയും ആശ താരമായിരുന്നു. വനിതാ ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടവും ആശ സ്വന്തമാക്കിയിരുന്നു. 33 കാരിയായ ആശ തിരുവനന്തപുരം സ്വദേശിയാണ്. ഫൈനലില്‍ ആര്‍സിബിയുടെ എതിരാളി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. ഇന്ന് നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം സജന സജീവിന് കാര്യമായി തിളങ്ങാനായില്ല. താരം ഒരു റണ്‍സെടുത്ത് പുറത്തായി. സ്‌കോര്‍ ആര്‍സിബി 135-6(20 ഓവര്‍). മുംബൈ ഇന്ത്യന്‍സ് 130-6(20 ഓവര്‍). ആര്‍സിബിയ്ക്കായി എല്ലിസ് പെറി 66 റണ്‍സെടുത്തു.




Tags:    

Similar News