കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കഴുത്തറ്റം മൂടി; 38 അടി താഴ്ചയില്‍ നിന്ന് തൊഴിലാളിയെ രക്ഷപ്പെടുത്തി
ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: മടവൂര്‍പാറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 38 അടി താഴ്ചയില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സാഹസികമായി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്.
രാവിലെയാണ് സന്തോഷെന്ന തൊഴിലാളി കിണര്‍ വൃത്തിയാക്കാനിറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ കിണറ്റിനുള്ളില്‍ നിന്നും മണ്ണിടിഞ്ഞ് സന്തോഷിന്റെ മുകളിലേക്ക് പതിച്ചു. കഴുത്തുവരെ മണ്ണായി. അനങ്ങാതെ അവസ്ഥയിലായ തൊഴിലാളി രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോസ്ഥര്‍ കിണറ്റിലിറങ്ങി. മണ്‍വെട്ടിയും പിക്കാസുമെല്ലാം ഉപയോഗിച്ചാണ് മണ്ണ് മാറ്റി സന്തോഷിനെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു. എന്നിട്ടും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാതെ സന്തോഷിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ കഴിയുന്ന സന്തോഷിന്റെ ആരോഗ്യനില തൃപ്തികരമാണ്.