സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡര്‍ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ

Update: 2021-04-28 14:47 GMT

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയും സിഇഒയുമായ അഡര്‍ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നോ രണ്ടോ കമാന്‍ഡോമാരടക്കം പതിനൊന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സുരക്ഷാ സംവിധാനമാണ് വൈ കാറ്റഗറി സുരക്ഷ. 

മെയ് ഒന്നാം തിയ്യതി മുതല്‍ മൂന്നാം ഘട്ട കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്ന സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാവാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കൊവിഡ് വാക്‌സിന്‍ നിര്‍മാണം നടത്തുന്ന രണ്ട് കമ്പനികളിലൊന്നാണ് പൂനെവാലെയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാരത് ബയോടെക്കാണ് രണ്ടാമത്തെ കമ്പനി.

സിആര്‍പിഎഫിനാണ് പൂനെവാലെയുടെ സുരക്ഷാച്ചുമതല. ഇന്ത്യയില്‍ അദ്ദേഹം യാത്ര ചെയ്യുന്ന മുഴുവന്‍ പ്രദേശത്തെക്കും സുരക്ഷാസൈനികരും അകമ്പിട സേവിക്കും.

ഇതുവരെ 150 രൂപയ്ക്ക് വിറ്റുകൊണ്ടിരുന്ന കൊവിഷീല്‍ഡ് ഇപ്പോള്‍ 400 രൂപയ്ക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍ക്കുന്നത്. മാത്രമല്ല, രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിക്കുകും രാജ്യം ചുടലപ്പറമ്പിന് സമാനമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ അമിത വിലക്ക് വിറ്റഴിക്കുന്നുവെന്ന ആരോപണം നേരിടുന്ന സിഇഒക്കെതിരേ ആക്രമണമുണ്ടായേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്.

അതേസമയം വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊവിഷീല്‍ഡിന്റെ വില ഡോസൊന്നിന് 100 രൂപ കുറച്ച് 300 രൂപയാക്കുമെന്ന് പൂനെവാല പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News