ബിജെപി തമിഴ്‌നാട് യൂനിറ്റ് പ്രസിഡന്റിന് വൈ കാറ്റഗറി സുരക്ഷ

Update: 2022-04-02 12:47 GMT

ചെന്നൈ: ബിജെപി കാര്യാലയത്തിനെതിരേ നടന്ന പെട്രോള്‍ ബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി തമിഴ്‌നാട് യൂനിറ്റ് പ്രസിഡന്റ് കെ അണ്ണാമലൈയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചു. മുന്‍ ഐപിഎസ് ഓഫിസര്‍ കൂടിയായ അണ്ണാമലൈയ്ക്ക് മാവോവാദികളില്‍ നിന്നും മതതീവ്രവാദികളില്‍ നിന്നും ഭീഷണി നേരിടുന്നതായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

അണ്ണാമലൈക്ക് സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേനയുടെ (സിആര്‍പിഎഫ്) 'വൈ' സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ചയാണ് ഉത്തരവിട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ട്ടിയുടെ ചെന്നൈയിലെ ആസ്ഥാനത്തിന് നേരെ മൂന്ന് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

തമിഴ്‌നാട്ടിലെ കെ അണ്ണാമലയ്ക്ക് സംസ്ഥാന പോലിസ് നല്‍കുന്ന സുരക്ഷയ്ക്ക് മുകളില്‍ 'വൈ' കാറ്റഗറി സുരക്ഷ നല്‍കാന്‍ സിആര്‍പിഎഫിനോട് നിര്‍ദേശിക്കുന്നു- ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ചെന്നൈയിലെ ടി നഗറിലെ തമിഴ്‌നാട് ബിജെപി ആസ്ഥാനമായ കമലാലയത്തിന് നേരെ മൂന്ന് പെട്രോള്‍ ബോംബുകളാണ് എറിഞ്ഞത്. ബോംബ് എറിഞ്ഞ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വലിയ ഗൂഢാലോചന നടന്നതായും അദ്ദേഹം ആരോപിച്ചു.

തമിഴ്‌നാട് പാര്‍ട്ടി ഓഫിസിന് നേരെയുണ്ടായ ബോംബാക്രമണത്തിന് ഉത്തരവാദി തമിഴ്‌നാട് സര്‍ക്കാരാണെന്ന് ബിജെപി നേതാവ് കരാട്ടെ ത്യാഗരാജന്‍ ആരോപിച്ചു.

2021 ജൂലൈയില്‍ ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ ചുമതലയേറ്റത് മുന്‍ പോലിസുകാരനായ മാറിയ അണ്ണാമലൈയാണ്. കര്‍ണാടക കേഡറില്‍ നിന്നുള്ള മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് 2020 ആഗസ്റ്റില്‍ ബിജെപിയില്‍ ചേര്‍ന്നു.

ഈ വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ പ്രകടനത്തിന്റെ പേരില്‍ കേന്ദ്ര നേതൃത്വം അണ്ണാമലൈയെ പ്രശംസിച്ചിരുന്നു.

Tags:    

Similar News