യശ്വന്ത് സിന്‍ഹ ഇന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപിയുടെ ദ്രൗപദി മുര്‍മു കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു
ന്യൂഡല്‍ഹി:രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ ഇന്ന് പത്രിക സമര്‍പ്പിക്കും.പാര്‍ലമെന്റില്‍ റിട്ടേണിങ് ഓഫിസര്‍ പി സി മോദിക്ക് മുമ്പാകെ 12 മണിക്കാണ് പത്രിക സമര്‍പ്പിക്കുക.
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി പ്രസിഡന്റ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കള്‍ സിന്‍ഹക്ക് ഒപ്പമുണ്ടാകും.എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപിയുടെ ദ്രൗപദി മുര്‍മു കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് വ്യക്തിപരമായ മല്‍സരത്തേക്കാള്‍ കൂടുതലായി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനുള്ള ചുവടുവെപ്പാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. ബിജെപി എംപിയായ മകന്‍ ജയന്ത് സിന്‍ഹയുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ധര്‍മ്മ സങ്കടത്തിലാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്തമാസം 25നാണ് അവസാനിക്കുക. 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.