പാകിസ്താന്റെ വിജയത്തില്‍ 'ആഹ്ലാദം' പ്രകടിപ്പിച്ചവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്; മാപ്പാക്കണമെന്ന് കുടുംബം
ലഖ്‌നോ: യുപിയില്‍ ഇന്ത്യ-പാക് ടി 20 മല്‍സരത്തില്‍ പാകിസ്താന്റെ വിജയത്തില്‍ പരസ്യമായി 'ആഹ്ലാദം' പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. ചുരുങ്ങിയത് അഞ്ച് പേര്‍ക്കെതിരേയാണ് യുപിയില്‍ കേസെടുത്തിട്ടുള്ളത്.
പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ രാജ്യദ്രോഹക്കുറ്റം നേരിടണം-യോഗി ആദ്യത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ പറയുന്നു.
ആഗ്രയിലെ മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. അവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഏതാനും അഭിഭാഷകര്‍ ഭാരത് മാതാ കി ജെയ് എന്ന് ആക്രോശിച്ചുകൊണ്ട് കോടതി നടപടികളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി.
നേരത്തെ ഐപിസി 153-എ, 505(1)(ബി) എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. സമുദായസ്പര്‍ധ, രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നേരത്തെ ചുമത്തിയിരുന്നത്. ഇപ്പോള്‍ 124-എ കൂടെ ചേര്‍ത്തിട്ടുണ്ട്. കൂടാതെ ഐ ടി ആക്റ്റിലെ 66-എഫ് കൂടി ചേര്‍ത്തു.
രാജ ബല്‍വന്ദ് സിങ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മൂന്നു പേരും.
തങ്ങളുടെ മക്കളോട് ക്ഷമിക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ കുടുംബം യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം അവരുടെ ഭാവി ഇരുളടഞ്ഞതാവുമെന്നും അവര്‍ പറഞ്ഞു.
അതേസമയം കുട്ടികള്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം മുഴക്കിയെന്ന വാദം കോളജ് ഡയറക്ടര്‍ തള്ളി. ശനിയാഴ്ച ഏതാനും പേര്‍ കോളജിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കലായിരുന്നു അവരുടെ ആവശ്യം. ചില വിദ്യാര്‍ത്ഥികള്‍ ഏതാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് കാരണമായി പറഞ്ഞത്. അവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാപ്പ് ആവശ്യപ്പെട്ടു. അവരത് ചെയ്യുകയും ചെയ്തു. ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു- ഡയറക്ടര്‍ ആര്‍ ബി കുശ്വാഹ പറഞ്ഞു.
എന്നാല്‍ എഫ്‌ഐആറില്‍ മുദ്രാവാക്യം മുഴക്കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗൗരവി രജാവത്ത് എന്നയാളാണ് പരാതിക്കാരന്‍. പുറത്തുള്ള ഇയാള്‍ ആരാണെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ അത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്നും അത് തെറ്റായ ആരോപണമാണെന്നും ഡയറക്ടര്‍ പറഞ്ഞു.
കോളജിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കെതിരേ ഡയറക്ടര്‍ നടപടി ആവശ്യപ്പെട്ടു.