ടി 20; പാകിസ്താന്റെ വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ല; ആരോപണം നിഷേധിച്ച് കോളജ് ഡയറക്ടര്‍

Update: 2021-10-29 05:06 GMT

ആഗ്ര: ടി 20 ഇന്ത്യ-പാക് ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്താന്റെ വിജയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം നിഷേധിച്ച് കോളജ് ഡയറക്ടര്‍. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആഗ്ര ആര്‍ബിഎസ് എഞ്ചിനീയറിങ് -ടെക്‌നിക്കല്‍ കോളജിലെ ഡയറക്ടര്‍ (അക്കാദമിക്) ആര്‍ ബി കുശ്വാഹയാണ് സര്‍ക്കാരിന്റെയും പോലിസിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നത്. വിദ്യാര്‍ത്ഥികള്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും പുറത്തുനിന്നെത്തിയവരാണ് എല്ലാതിനും പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യ-പാക് ടി 20 മല്‍സരത്തില്‍ പാകിസ്താന്റെ വിജയം കശ്മീരില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചെന്നാണ് ആരോപണം.

''ശനിയാഴ്ച ഏതാനും പേര്‍ കോളജിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കലായിരുന്നു അവരുടെ ആവശ്യം. ചില വിദ്യാര്‍ത്ഥികള്‍ ഏതാനും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ് കാരണമായി പറഞ്ഞത്. അവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മാപ്പ് ആവശ്യപ്പെട്ടു. അവരത് ചെയ്യുകയും ചെയ്തു. ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവര്‍ പറഞ്ഞു''- ഡയറക്ടര്‍ ആര്‍ ബി കുശ്വാഹ പറഞ്ഞു.

എന്നാല്‍ എഫ്‌ഐആറില്‍ മുദ്രാവാക്യം മുഴക്കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗൗരവി രജാവത്ത് എന്നയാളാണ് പരാതിക്കാരന്‍. പുറത്തുള്ള ഇയാള്‍ ആരാണെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ അത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടില്ലെന്നും അത് തെറ്റായ ആരോപണമാണെന്നും ഡയറക്ടര്‍ പറഞ്ഞു. കോളജിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കെതിരേ ഡയറക്ടര്‍ നടപടി ആവശ്യപ്പെട്ടു. കോളജിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

അവധിലെ രാജ ബല്‍വന്ത് സിങ് 1885ല്‍ ആരംഭിച്ച കോളജാണ് ഇത്. സിഖ് കുടുംബങ്ങള്‍ക്കുവേണ്ടി തുടങ്ങിയ ഈ കോളജ് മാനേജ്‌മെന്റിനു കീഴില്‍ നിരവധി സ്ഥാപനങ്ങളുണ്ട്.

അതിനിടയില്‍ പാകിസ്താന്റെ വിജയത്തില്‍ 'ആഹ്ലാദം' പ്രകടിപ്പിച്ചവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു. ചുരുങ്ങിയത് അഞ്ച് പേര്‍ക്കെതിരേയാണ് യുപിയില്‍ കേസെടുത്തിട്ടുള്ളത്.

പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ രാജ്യദ്രോഹക്കുറ്റം നേരിടണം-യോഗി ആദ്യത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റില്‍ പറയുന്നു.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ സമയത്ത് ഏതാനും അഭിഭാഷകര്‍ ഭാരത് മാതാ കി ജെയ് എന്ന് ആക്രോശിച്ചുകൊണ്ട് കോടതി നടപടികളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി.

Tags:    

Similar News