'നിങ്ങള്‍ മാറൂ, അല്ലെങ്കില്‍ നിങ്ങളെ മാറ്റും'; ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ബിജെപി എംപിമാരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവര്‍ത്തനങ്ങളിലും ഹാജര്‍ നിലയിലും അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹളം വയ്ക്കലും നേരത്തിനും സമയത്തിനും പാര്‍ലമെന്റില്‍ കൃത്യതയോടെ ഹാജരാകാത്തതിലും പ്രധാനമന്ത്രി രോഷം പ്രകടിപ്പിച്ചുവെന്നാണ് റിപോര്‍ട്ട്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി എംപിമാരുടെ യോഗത്തിലാണ് എംപിമാര്‍ക്ക് പ്രധാന മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. നിങ്ങള്‍ സ്വയം മാറാന്‍ തയ്യാറാവണം, അല്ലെങ്കില്‍ നിങ്ങളെത്തന്നെ മാറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന മന്ത്രിമാരായ ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹഌദ് ജോഷി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ബിജെപി ദേശീയ പ്രസിഡന്റ് നദ്ദയും യോഗത്തിനെത്തിയിരുന്നു.
പാര്‍ലമെന്റില്‍ ഇക്കഴിഞ്ഞ കാലയളില്‍ നേരിടേണ്ടിവന്ന വിവിധ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.
കഴിഞ്ഞ ദിവസം നാഗാലാന്‍ഡില്‍ സൈന്യം ഗ്രാമീണരെ വെടിവച്ചുകൊന്നത് പാര്‍ലമെന്റില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. 12 പ്രതിപക്ഷ നേതാക്കളെ പുറത്താക്കിയതും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സര്‍ക്കാര്‍ പുറത്താക്കാന്‍ നിര്‍ബന്ധിതരായെന്നാണ് മന്ത്രി പ്രഹഌദ് ജോഷി പറഞ്ഞത്. മാപ്പ് പറയുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്നും വാഗ്ദാനം നല്‍കി. പക്ഷേ, പുറത്താക്കപ്പെട്ട എംപിമാര്‍ അത് സ്വീകരിച്ചില്ല.
കര്‍ഷക സമരക്കാര്‍ക്ക് വിധേയപ്പെടേണ്ടിവന്നതും കേന്ദ്രത്തിന് ക്ഷീണമായി. അതോടെയാണ് എംപിമാരെ വിളിച്ചുചേര്‍ത്ത് ചില കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. എംപിമാര്‍ കുട്ടികളെപ്പോലെ പെരുമാറുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയെന്നാണ് അറിയുന്നത്.