യോഗി സര്‍ക്കാരിന്റെ നരനായാട്ട്: അക്രമത്തിനെതിരേ ഒരു വരി കുറിക്കാത്ത മുഖ്യമന്ത്രിയുടെ 'സെര്‍വര്‍ ഡൗണെ'ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2021-10-05 13:07 GMT

തിരുവനന്തപുരം: യുപിയിലെ കര്‍ഷക നരനായാട്ടില്‍ ഫേസ് ബുക്കില്‍ പോലും ഒരു വരികുറിക്കാത്ത മുഖ്യമന്ത്രിമാരുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലക്‌നൗവിലേക്ക് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷിനെ പോലിസ് തടഞ്ഞപ്പോള്‍ സംഘപരിവാറിനെതിരെ എയര്‍പ്പോര്‍ട്ടില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മറ്റ് ചില മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്കില്‍ ഒരു വരി പ്രതിഷേധം പോലുംകുറിക്കാനാകാത്ത വിധം 'സെര്‍വര്‍ ഡൗണ'ാണെന്നും രാഹുല്‍ പരിഹസിക്കുന്നു. യോഗി ഭരണകൂടത്തിനെതിരേ ചത്തീസ്ഗഡ് മുഖ്യമന്ത്രി ലക്‌നൗ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ ഫേസ് ബുക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതും ഒരു മുഖ്യമന്ത്രിയാണ്, ഭുപേഷ് ബാഗല്‍.

ചത്തീസ്ഗഡിലെ മുഖ്യമന്ത്രിയുടെ പ്രിവ്‌ലേജില്‍ നിന്നു കൊണ്ട് ബിജെപിയുടെ കേന്ദ്രമന്ത്രി പുത്രന്‍ വണ്ടിയിടിച്ചു കൊന്ന ഉത്തര്‍ പ്രദേശിലെ കര്‍ഷകരെ കണ്ടില്ലായെന്ന് നടിച്ച് ഫയലില്‍ ഒപ്പിട്ടിരിക്കാം. പക്ഷേ അയാള്‍ തിരഞ്ഞെടുത്തത് സംഘപരിവാറിനെ യോഗിയുടെ തട്ടകത്തില്‍ പോയി വെല്ലുവിളിക്കാനാണ്. ലക്‌നൗവിലേക്ക് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ ഭുപേഷിനെ പോലിസ് തടഞ്ഞപ്പോള്‍ സംഘപരിവാറിനെതിരെ എയര്‍പ്പോര്‍ട്ടില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.

സംഘപരിവാര്‍ വിരുദ്ധത മൈതാന പ്രസംഗത്തില്‍ അണികള്‍ക്ക് ആവേശം നല്‍കാന്‍ മാത്രം പോരാ അത് ആത്മാര്‍ത്ഥമാകണമെന്ന് ഈ മനുഷ്യന്‍ തെളിയിക്കുന്നു.

മറ്റ് ചില മുഖ്യമന്ത്രിമാരുടെ ഫേസ്ബുക്ക് പോലും ഇപ്പോഴും ഒരു വരി പ്രതിഷേധം പോലുംകുറിക്കുവാനാകാത്ത വിധം 'സെര്‍വര്‍ ഡൗണാണ്'..


Tags:    

Similar News