തിരൂരങ്ങാടി: ജനങ്ങളില്‍ നിന്ന് ബാങ്കിനായി പിരിച്ചെടുത്ത ലക്ഷങ്ങളുമായി മുങ്ങിയ യൂത്ത് ലീഗ് നേതാവ് പിടിയില്‍. തിരൂരങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരനും യൂത്ത് ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോഡിനേറ്ററുമായ പങ്ങിണിക്കാടന്‍ സര്‍ഫാസിനെ(47)യാണ് മൈസൂരില്‍നിന്ന് പിടികൂടിയത്. ബാങ്കിന്റെ ലക്ഷക്കണക്കിന് രൂപയുടെ പ്രതിദിനകളക്ഷനുമായാണ് ഇയാള്‍ നാടുവിട്ടത്.
ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കിലെ കബളിക്കപ്പെട്ടവരാണ് പരാതി നല്‍കിയത്. തിരൂരങ്ങാടി പോലിസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കച്ചവടക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്.
സംഭവം പുറത്തറിയാതിരിക്കാന്‍ ലീഗ് നേതൃത്വം നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാതിക്കാര്‍ പോലിസിനെ സമീപിക്കുകയായിരുന്നു. പിന്നീട് ബാങ്ക് സിക്രട്ടറിയും പരാതിയുമായി രംഗത്തെത്തിയതോടെ പോലിസ് നടപടി സ്വീകരിക്കുകയായിരുന്നു. 127 അകൗണ്ടുകളില്‍ നിന്നായി 65 ലക്ഷത്തോളം രൂപയാണ് ഇയാള്‍ കൈവശംവച്ചിരുന്നത്.
കഴിഞ്ഞ മാസം 26ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കാണാനില്ലന്ന് പറഞ്ഞ് വീട്ടുകാര്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു.
അന്വേഷണത്തില്‍ ലീഗ് നേതാവ് മൈസൂരിലുണ്ടെന്ന് കണ്ടെത്തി. സംഭവം വിവാദമായതോടെ ഇയാളെ ലീഗില്‍നിന്ന് പുറത്താക്കി.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.