സഹീര്‍ മരണക്കയത്തിലേക്ക് ആണ്ടുപോയത് മൂന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചെടുത്ത ശേഷം

ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കനാലിന്റെ മധ്യഭാഗത്ത് നിന്നാണ് സഹീറിന്റെ മൃതദേഹം ലഭിച്ചത്

Update: 2021-10-14 17:04 GMT

കോഴിക്കോട്: അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ മുങ്ങിമരിച്ചത് അരയാക്കൂല്‍ കനാലിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമായിരുന്നു മൂന്ന് കുരുന്ന് പൈതങ്ങളെ രക്ഷിച്ചെടുത്ത ശേഷം. അയല്‍വാസികളായ മൂന്നു കുട്ടികളെയാണ് കനാലിന്റെ ആഴങ്ങളില്‍ നിന്നും സഹീര്‍ നീന്തിച്ചെന്ന് രക്ഷിച്ചെടുത്തത്. ഒടുവില്‍ കരയിലേക്ക് നീന്തുന്നതിനിടയില്‍ അദ്ദേഹം മുങ്ങിപ്പോകുകയായിരുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകനായ സഹീറിന്റെ വേര്‍പാട് നാട്ടുകാര്‍ക്ക് തീരാവേദനയായി. മൂന്നു ജീവനുകള്‍ രക്ഷപ്പെടുത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ മരണം ജീവിതകാലത്ത് കാണിച്ച സല്‍പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. മകളുടെ നിക്കാഹിനു വേണ്ടി ഖത്തറില്‍ നിന്നും ലീവിലെത്തിയ സഹീര്‍ വൈകുന്നേരത്തോടെയാണ് കനാലിലേക്ക് പോയത്. കൂടെ അയല്‍വാസികളായ കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നു കുട്ടികളെ കനാലില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം ഒരാള്‍ മുങ്ങിത്താഴുന്നത് മറുകരയില്‍ നിന്നവര്‍ കണ്ടിരുന്നു. ഇവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കനാലിന്റെ മധ്യഭാഗത്ത് നിന്നാണ് സഹീറിന്റെ മൃതദേഹം ലഭിച്ചത്. കുറ്റിയാടി മണ്ഡലം വില്ല്യാപ്പള്ളി ആരായാക്കൂല്‍ എസ്ഡിപിഐ താഴ ബ്രാഞ്ചിലെ പ്രവര്‍ത്തകനായ സഹീര്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കനാലില്‍ ഒരാള്‍ മുങ്ങിമരിച്ചപ്പോള്‍ സഹീറായിരുന്നു മൃതദേഹം മുങ്ങിയെടുത്തത്. നാട്ടിലെ വിവാഹ വീടുകളിലും മരണ വീടുകളിലും സഹീര്‍ സഹായവുമായി എത്താറുണ്ടായിരുന്നു. പ്രായഭേതമന്യേ എല്ലാവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന സഹീറിന്റെ അപ്രതീക്ഷിത വേര്‍പ്പാട് നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേദനയായി മാറുകയാണ്.

Tags:    

Similar News