''യുപിയില്‍ ദിവസവും 50,000 പശുക്കള്‍ കശാപ്പ് ചെയ്യപ്പെടുന്നു; സര്‍ക്കാരിന് മൗനം''-ബിജെപി എംഎല്‍എ
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ദിവസവും 50,000 പശുക്കള്‍ കശാപ്പ് ചെയ്യപ്പെടുകയാണെന്നും ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ബിജെപി എംഎല്‍എ നന്ദ് കിഷോര്‍ ഗുജര്‍. ''നമ്മുടെ സര്‍ക്കാരിന് കീഴില്‍ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നു. പശുക്കളെ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ അവയുടെ ക്ഷേമത്തിനുള്ള പണം തിന്നുകയാണ്. എല്ലായിടത്തും കൊള്ളയുണ്ടെന്നാണ് ഇതിനര്‍ത്ഥം. ഇവരുടെയെല്ലാം തലവന്‍ ചീഫ് സെക്രട്ടറിയാണ്. വിഷയം മുഖ്യമന്ത്രി അറിയണം.''-നന്ദ് കിഷോര്‍ ഗുജര്‍ പറഞ്ഞു.
മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ നല്‍കുന്ന നിവേദനങ്ങള്‍ ഉദ്യോഗസ്ഥര്‍ തള്ളുകയാണെന്നും ലോനി മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ നന്ദ് കിഷോര്‍ ഗുജര്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണോ ഇത് ചെയ്യുന്നതെന്നും എംഎല്‍എ ചോദിച്ചു.
ബിജെപിയിലെ ചേരിപ്പോരുമൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സാമൂഹിക മാധ്യമമായ എക്‌സില്‍ പറഞ്ഞു. അഴിമതിയില്‍ നിന്നുള്ള വരുമാനം കുത്തകയാക്കാന്‍ എല്ലാവരും ശ്രമിക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.