മാതാവ് കരള്‍ പകുത്ത് നല്‍കി;ജീവിതത്തിലേക്ക് പിച്ചവെച്ച് കുഞ്ഞ് ശ്രിയാന്‍
ആലപ്പുഴ അവലൂക്കുന്ന് സ്വദേശികളായ ശ്രീനാഥ് അശ്വതി ദമ്പതികളുടെ മകനായ പത്തുമാസം മാത്രം പ്രായമുള്ള ശ്രിയാന്‍ എന്ന കുരുന്നിന്റെ കരളാണ് ലിസി ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവച്ചത്
കൊച്ചി: പത്തുമാസം മാത്രം പ്രായമുള്ള കുരുന്നിന്റെ കരള്‍ മാറ്റി വെച്ച് എറണാകുളം ലിസി ആശുപത്രി.ആലപ്പുഴ അവലൂക്കുന്ന് സ്വദേശികളായ ശ്രീനാഥ് അശ്വതി ദമ്പതികളുടെ മകനായ ശ്രിയാന്‍ എന്ന കുഞ്ഞിന്റെ കരളാണ് ലിസി ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവച്ചത്.ലിസി ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും കുഞ്ഞുങ്ങളില്‍ ആദ്യമായാണ് ഈ ശസത്രക്രിയ ഇവിടെ നടക്കുന്നതെന്ന് ലിസി ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോ. പോള്‍ കരേടന്‍ പറഞ്ഞു.
ശ്രിയാന് ജന്മനാ പിത്തനാളിക്ക് തകരാര്‍ ഉണ്ടായിരുതിനാല്‍ ഗുരുതരമായ മഞ്ഞപ്പിത്തം ബാധിക്കുകയായിരുന്നു. മറ്റൊരു ആശുപത്രിയില്‍ ഇത് പരിഹരിക്കുതിനുള്ള ശസ്ത്രക്രിയ ചെയ്തിരുന്നു. എന്നാല്‍ വീണ്ടും അസുഖ ബധിതനായതിനെത്തുടര്‍ന്നാണ് ലിസി ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാന്‍ കരള്‍ മാറ്റിവയ്ക്കുകയാണ് ഏക മാര്‍ഗ്ഗം എന്ന് മനസ്സിലാക്കുകയും അത് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ ദാനം ചെയ്യുവാനായി അശ്വതി മുന്നോട്ടു വന്നതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 25 ന് നടന്ന ശസ്ത്രക്രിയയ്ക്കും തുടര്‍ചികില്‍സയ്ക്കും ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് ശ്രിയാന്‍ ആശുപത്രി വിട്ടത്.
അഞ്ച് കിലോ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ ഹൈപ്പര്‍ റെഡിയൂസ്ഡ് ഗ്രാഫ്റ്റ് വേണ്ടിവന്നതിനാല്‍ അതീവസങ്കീര്‍ണ്ണമായിരുന്നു എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മേധാവി ഡോ. ബി വേണുഗോപാല്‍ പറഞ്ഞു. ഡോ. വേണുഗോപാലിനെ കൂടാതെ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍മാരായ ഡോ. ഷാജി പൊന്നമ്പത്തയില്‍, ഡോ. പ്രമീല്‍ കെ, പീഡിയാട്രിക് ഗാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. രമ്യ ആര്‍ പൈ, പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റ് ഡോ. ജെസന്‍ ഹെന്‍ട്രി, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. രാജീവ് .െ, ഡോ. വിനീത് സി വി., പീഡിയാട്രിക്‌സ് വിഭാഗത്തിലെ ഡോ. ടോണി പോള്‍ മാമ്പിള്ളി, ഡോ. വിവിന്‍ എബ്രഹാം, ഗാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ ഡോ. മാത്യു ഫിലിപ്പ്, ഡോ. പ്രകാശ് സക്കറിയ, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ഡോ. ലിജേഷ് കുമാര്‍, ഡോ. ദിലീപ് കുമാര്‍ എം. പി. എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും നേതൃത്വം നല്‍കിയത്.
ഡയറക്ടര്‍ ഫാദര്‍ ഡോ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ശ്രിയാനെയും മാതാപിതാക്കളെയും ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.ജോയിന്റ് ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ്ജ് തേലക്കാട്ട്. ഫാ. ജോസഫ് മാക്കോതക്കാട്ട്, എന്നിവരും സന്നിഹിതരായിരുന്നു.