മഴക്കാലം പലവിധ അസുഖങ്ങളുടെ കൂടെ കാലമാണ്.ജലജന്യ രോഗങ്ങള്‍ വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുള്ള കാലമാണ് ഇത്.രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ഞുങ്ങള്‍ സ്‌കൂളുകളിലേക്ക് പോയി തുടങ്ങുകയാണ്.ഈ സമയത്ത് രക്ഷിതാക്കള്‍ അല്‍പമൊന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.വൃത്തിഹീനമായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഉപയോഗം നോറോ വൈറസ് ബാധയ്ക്ക് കാരണമായേക്കാം.
കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയുണ്ടായ തിരുവനന്തപുരം ഉച്ചക്കട എല്‍എംഎസ് എല്‍പി സ്‌കൂളിലെ രണ്ടുകുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ നോറോ വൈറസ് എന്താണെന്നും, രോഗ ലക്ഷണങ്ങള്‍ എന്താണെന്നും നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് നോറോ വൈറസ്?
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന വൈറസാണ് നോറോ വൈറസ്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
നോറോ വൈറസ് ഒരു ജലജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദി വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
രോഗബാധിതരുടെ സ്രവങ്ങള്‍ വഴി പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കും.അവിടങ്ങളില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും.കൈകള്‍ കഴുകാതെ മൂക്കിലും വായിലും സ്പര്‍ശിക്കുന്നതിലൂടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം നോറോവൈറസ് അണുബാധ കുടല്‍ വീക്കം, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ദീര്‍ഘകാല രോഗാവസ്ഥയ്ക്ക് കാരണമായേക്കാം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 200 ദശലക്ഷം കേസുകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 685 ദശലക്ഷം നോറോവൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു.
രോഗലക്ഷണങ്ങള്‍
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍.
ഛര്‍ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്കു പോകുകയുംചെയ്യും.
ശ്രദ്ധിക്കേണ്ടവ
പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക.
കിണര്‍, വാട്ടര്‍ടാങ്ക് എന്നിവ ക്ലോറിനേറ്റുചെയ്ത് വൃത്തിയാക്കിവെക്കുക.
തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
കടല്‍മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകംചെയ്തതിനുശേഷംമാത്രം കഴിക്കുക.
ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണ ശുചിത്വവും വ്യക്തിശുചിത്വവുമാണ് നോറോ വൈറസ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം.
എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം
വൈറസിന് വ്യത്യസ്തമായ സ്‌ട്രെയിനുകള്‍ ഉള്ളതിനാല്‍ ഒരാള്‍ക്ക് ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം. 60 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ വരെ വൈറസ് നിലനില്‍ക്കും. അതിനാല്‍ ഭക്ഷണം ആവിയില്‍ വേവിക്കുകയോ ക്ലോറിനേറ്റ് ചെയ്യുകയോ ചെയ്യുന്നത് വൈറസിനെ ഇല്ലാതാക്കില്ല. സാധാരണയായുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചതുകൊണ്ടും കാര്യമായ ഉപയോഗമില്ല.
ചികല്‍സ
രോഗ ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം.
ഒആര്‍എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്.
ആവശ്യമെങ്കില്‍ ചികില്‍സ ലഭ്യമാക്കണം.
വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ടേക്കാം. എങ്കിലും രണ്ട്, മൂന്ന് ദിവസം മാത്രമായിരിക്കും വൈറസ് ശരീരത്തില്‍ തുടരുക.വൈറസ് ബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ചുരുങ്ങിയത് രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം.തീരെ ചെറുപ്പമോ പ്രായമായവരോ പോഷകാഹാരക്കുറവുള്ളവരോ അല്ലാത്ത മിക്കവര്‍ക്കും മതിയായ വിശ്രമത്തിലൂടെ വൈറസിനെ അതിജീവിക്കാന്‍ കഴിയും.