സാമൂഹ്യസുരക്ഷാ മിഷന്‍ വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് 31.68 കോടി അനുവദിച്ചു
സമാശ്വാസം, ശ്രുതിതരംഗം, താലോലം, മിഠായി,ക്യാന്‍സര്‍ സുരക്ഷാ, വയോമിത്ര എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് 31.68 കോടി അനുവദിച്ച് ഉത്തരവിറക്കിയതായി സാമൂഹിക നീതി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കി വന്നിരുന്ന സമാശ്വാസം, ശ്രുതിതരംഗം, താലോലം,മിഠായി,ക്യാന്‍സര്‍ സുരക്ഷാ, വയോമിത്ര എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച ചികിത്സാ പദ്ധതികളുടെ തുടര്‍ച്ചയായാണ് തുക അനുവദിച്ചത്.
വൃക്ക തകരാര്‍ കാരണം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കലിനു വിധേയരാകുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍, ഹീമോഫീലിയ ബാധിതര്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അരിവാള്‍ രോഗബാധിതര്‍ എന്നിവര്‍ക്കുള്ള സമാശ്വാസം പദ്ധതിക്ക് അഞ്ചു കോടി അനുവദിച്ചു.
അഞ്ച് വയസ്സ് വരെയുള്ള മൂകരും ബധിതരുമായ കുട്ടികള്‍ക്ക് സംസാര, കേള്‍വിശക്തി ലഭ്യമാക്കാനുള്ള ശ്രുതിതരംഗം പദ്ധതിക്ക് എട്ട് കോടിയാണ് അനുവദിച്ചത്.
18 വയസ്സ് വരെയുള്ള മാരക രോഗബാധിതരായ കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന താലോലം പദ്ധതിക്കായി രണ്ടു കോടിയും, ടൈപ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മിഠായി പദ്ധതിക്ക് 3.80 കോടിയും, 18 വയസ്സ് വരെയുള്ള ബിപിഎല്‍ കുടുംബാംഗമായ കുട്ടികള്‍ക്ക് സൗജന്യ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ക്യാന്‍സര്‍ സുരക്ഷാ പദ്ധതിക്കായി മൂന്നു കോടിയും, വയോജനങ്ങളുടെ ആരോഗ്യ, മാനസിക പരിരക്ഷ ഉറപ്പാക്കാനുള്ള 'വയോമിത്ര'ത്തിന് 9.88 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വയോമിത്രം പദ്ധതി വഴി 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിന് നഗര പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്, പാലിയേറ്റീവ് കെയര്‍, ആംബുലന്‍സ്, ഹെല്‍പ്പ് ഡെസ്‌ക് സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.