ചെള്ള് പനി;ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ

Update: 2022-06-13 05:51 GMT
ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് കേരളത്തില്‍ രണ്ട് മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.നിസാരമായി കണ്ട് തള്ളിക്കളയേണ്ട ഒരു രോഗമല്ല ചെള്ള് പനിയെന്ന് ഇതില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നതാണ്.ആരോഗ്യ വകുപ്പ് തന്നെ ശക്തമായ ജാഗ്രതാ നടിപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്.ഈ അവസരത്തില്‍ എന്താണ് ചെള്ള് പനിയെന്നും,പ്രതിരോധത്തിനായി നമുക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

തുടക്കത്തിലേ ചികില്‍സ തേടിയില്ലെങ്കില്‍ ഗുരുതരമായി മരണത്തിലേക്ക് വരെ എത്തിക്കുന്ന രോഗാവസ്ഥയാണ് ചെള്ള് പനി.ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗം വേണ്ട രീതിയില്‍ ചികില്‍സിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകും വിധത്തില്‍ ഗുരതരമാകുന്ന ഒന്നാണ്.എലി,പൂച്ച,അണ്ണാന്‍ തുടങ്ങിയവയില്‍ ആണ് ഇത്തരത്തില്‍ ഉള്ള ചെള്ള് കാണപ്പെടുന്നത്. എന്നാല്‍ മറ്റ് മൃഗങ്ങളില്‍ ഇത് രോഗം പരത്തുന്നില്ല.ചെള്ളിന്റെ കടിയേല്‍ക്കുക വഴി ഇവയുടെ ലാര്‍വ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം എത്തുന്നത്. റിക്കറ്റ്‌സിയേസി ടൈഫി വിഭാഗത്തില്‍ പെട്ട ബാക്ടീരിയയാണ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പരത്തുന്ന ഈ രോഗത്തിന് കാരണം.

ചെള്ളിന്റെ കടിയേറ്റ സ്ഥലത്തു നിന്നും ബാക്ടീരിയ രക്തത്തിലേക്ക് കടന്ന് ഇവ പെരുകി ശരീരത്തില്‍ വളരുന്നു. ഇത് കടിച്ച് രണ്ടാഴ്ചക്കകം രോഗലക്ഷണം ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങള്‍

ശരീരത്തില്‍ ഉണ്ടാവുന്ന കറുത്ത പാടുകളാണ് ആദ്യ ലക്ഷണം. ഇതിനോടൊപ്പം തലവേദന, പനി,അതികഠിനമായ രീതിയില്‍ ചുമ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, ശരീരം വിറക്കുന്നത് എല്ലാം ലക്ഷണങ്ങളാണ്.

ചെള്ള് കടിച്ച് 10-12 ദിവസം വരെയാണ് അതിന്റെ ഇന്‍ക്യുബേഷന്‍ സമയം. ഇതിനുള്ളില്‍ നിങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വിറയലോട് കൂടിയ പനിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇത് പിന്നീട് കറുത്ത വ്രണം പോലെ കാണപ്പെടുന്നു. കക്ഷം, കാലിന്റെ അടിഭഗം, കഴുത്ത്, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം പാടുകള്‍ കാണപ്പെടുന്നു. കണ്ണ് വേദനയും, കഴല വീക്കവും, വരണ്ട ചുമയും എല്ലാം ഇതോടനുബന്ധിച്ച് ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് ഹൃദയത്തേയും തലച്ചോറിനേയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്വേതാണുക്കളുടെ കുറവനുഭവപ്പെടുന്ന ല്യൂക്കോപീനീയ എന്ന അവസ്ഥയുണ്ടാകുന്നു. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ എന്‍സൈഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ്, ന്യൂമോണിറ്റിസ് തുടങ്ങിയവ കണ്ടു വരുന്നു.

പ്രതിരോധം

ചെള്ളിന്റെ കടിയേല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടിയുള്ള മുന്‍കരുതല്‍ എടുക്കുക.

പുറത്ത് പോവുമ്പോഴും കന്നുകാലികളുമായി അടുത്തിടപഴകുമ്പോഴും നമുക്ക് അല്‍പം ശ്രദ്ധവേണം. പലപ്പോഴും പുല്ലില്‍ നിന്ന് ഇത്തരം ചെള്ളുകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

പുറത്ത് പോയി വന്നതിനു ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈയ്യും കാലും വൃത്തിയാക്കേണ്ടതാണ്.

കൃത്യമായി രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കും.

ആന്റിബയോട്ടിക് ചികില്‍സയാണ് നിലവിലുള്ളത്.

രോഗസാധ്യത ഉണ്ടെന്ന് തോന്നിയാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഗനിര്‍ണയം

ചെള്ള് പനിക്ക് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം എന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. രക്തപരിശോധന വഴി രോഗനിര്‍ണയം നടത്താന്‍ സാധിക്കും.എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിനും ആവശ്യത്തിനുള്ള വൈദ്യസഹായം എടുക്കുന്നതിനും ശ്രദ്ധിക്കണം.

തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികില്‍സിച്ചാല്‍ ഭേദമാക്കാവുന്ന ഈ അവസ്ഥ ഗുരുതരമായാല്‍ മരണത്തിലേക്ക് വരെ നയിക്കുന്നതായതിനാല്‍ വെറുമൊരു പനിയെന്ന രീതിയില്‍ നിസാരമാക്കി തള്ളാതിരിക്കുക.

Tags:    

Similar News